ലഹരിക്കെതിരെ കൈകോര്‍ക്കാം

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്‍െറ ലഹരി വര്‍ജന മിഷന്‍ വിമുക്തി പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ജില്ലതല ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനം ലഹരി ഉപയോഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് വേദനാജനകമാണെന്ന് മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ സംഘടിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. സന്നദ്ധ സംഘടനകളെയും വിദ്യാര്‍ഥികളെയും ഉപയോഗിച്ച് ലക്ഷ്യം നേടാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ സ്റ്റാഫ് എക്സൈസ് അസോഷിയേഷന്‍ തയാറാക്കിയ സീഡി പ്രകാശനം മന്ത്രി നിര്‍വഹിച്ചു. മഞ്ചേരി ചിന്മയ വിദ്യാലയം തയാറാക്കിയ ലഹരിക്കെതിരെയുള്ള മികച്ച സംഗീത ശില്‍പത്തിന് മന്ത്രി അവാര്‍ഡ് സമ്മാനിച്ചു. വിമുക്തി പദ്ധതിയുടെ ആക്ഷന്‍ പ്ളാന്‍ വിവരണം ജില്ല കോഓഡിനേറ്റര്‍ ബി. ഹരികുമാര്‍ നിര്‍വഹിച്ചു. മഞ്ചേരി ചിന്മയ വിദ്യാലയത്തിന്‍െറ സംഗീത ശില്‍പവും നാടകവും അരങ്ങേറി. വളാഞ്ചേരി മര്‍കസിലെ വാഫി വിദ്യാര്‍ഥികളുടെ റോള്‍പ്ളേ, അരീക്കോട് വെണ്ണക്കോട് യു.പി സ്കൂള്‍ അധ്യാപകന്‍ സേതുമാധവന്‍െറ മാജിക് എന്നിവയും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ അമിത് മീണ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, നഗരസഭ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.