മഞ്ചേരിയില്‍ 530 കുടുംബങ്ങള്‍ക്ക് കേന്ദ്രപദ്ധതിയില്‍ വീട്

മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്‍െറ പി.എം.എ.വൈ പദ്ധതിയില്‍ മഞ്ചേരി നഗരസഭയില്‍ 530 വീടുകള്‍ക്ക് അനുമതി. കേന്ദ്ര ഭവനനിര്‍മാണ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്‍െറ അനുമതിയാണ് ലഭിച്ചത്. പദ്ധതിയില്‍ 1,232 ഭവനരഹിതരുടെ പട്ടികയാണ് നഗരസഭ സമര്‍പ്പിച്ചത്. സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങളെയാണ് ഇപ്പോള്‍ പരിഗണിച്ചത്. ശേഷിക്കുന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ 1.5 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍, നഗരസഭ, ഗുണഭോക്താവ് എന്നിവര്‍ 50,000 രൂപ വീതവും പദ്ധതിയില്‍ വഹിക്കണം. മൊത്തം മൂന്നു ലക്ഷം രൂപയുടെ വീടാണ് അനുവദിക്കുക. മഞ്ചേരി നഗരസഭയില്‍ രണ്ടുവര്‍ഷം മുമ്പ് നഗരസഭ വായ്പയെടുത്ത് 500 കുടുംബങ്ങള്‍ക്ക് ശിഹാബ്തങ്ങള്‍ സ്മാരക ഭവനപദ്ധതി നടപ്പാക്കിയത്. പുതിയ പദ്ധതിയില്‍ 2.65 കോടി രൂപ മഞ്ചേരി നഗരസഭ കണ്ടത്തെണം. പദ്ധതി വിഹിതത്തില്‍നിന്നും തനത് ഫണ്ടില്‍നിന്നും ഈ തുക കണ്ടത്തെി അനുമതിയായ അത്രയും കുടുംബങ്ങള്‍ക്ക് വീട് സാക്ഷാത്കരിക്കലാണ് നഗരസഭയുടെ ലക്ഷ്യം. ശിഹാബ് തങ്ങള്‍ ഭവന പദ്ധതി നടപ്പാക്കാന്‍ പത്തുകോടി രൂപ സഹകരണബാങ്കില്‍നിന്ന് നഗരസഭ വായ്പ എടുത്തിരിക്കുകയാണ്. പദ്ധതി വിഹിതത്തില്‍ നിന്നാണ് വര്‍ഷാവര്‍ഷം ഇതിന്‍െറ പലിശയും മുതലും തിരിച്ചടക്കുന്നത്. 2016 ജൂലൈയിലാണ് പദ്ധതി സംബന്ധിച്ച് നിര്‍ദേശമിറങ്ങിയത്. തൊട്ടടുത്ത മാസം ഇതിനായി സര്‍വേ നടത്തി വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) സമര്‍പ്പിച്ചു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തില്‍ നഗരസഭ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. സ്വന്തമായി രണ്ടു സെന്‍റെങ്കിലും ഭൂമിവേണമെന്നാണ് പദ്ധതിയുടെ പ്രധാന മാനദണ്ഡം. ദരിദ്രരും അവശരുമായവരെയാണ് മുന്‍ഗണന ക്രമത്തില്‍ ചേര്‍ത്തത്. നഗരസഭയുടെ കൂട്ടായ ശ്രമത്തിന്‍െറ ഭാഗമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് നഗരസഭ അധ്യക്ഷ വി.എം. സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ്, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.