മൊറയൂര്‍ കൈകോര്‍ത്തു; ഷിഫാനക്കിത് രണ്ടാംജന്മം

കൊണ്ടോട്ടി: സഹായഹസ്തവുമായി നാട് കൈ കോര്‍ത്തപ്പോള്‍ ഷിഫാനക്ക് ഇത് രണ്ടാം ജന്മം. മൊറയൂര്‍ കിരിയാടന്‍ അലവിയുടെ മകള്‍ ഷിഫാനയുടെ (24) ചികിത്സക്ക് വേണ്ടിയാണ് നാട്ടുകാര്‍ ഒന്നിച്ചത്. ഷിഫാനയുടെ കരള്‍മാറ്റ ശസ്ത്രക്രിയയായിരുന്നു തിങ്കളാഴ്ച. പിതാവ് അലവിയാണ് മകള്‍ക്കായി കരള്‍ നല്‍കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. അഞ്ച് വയസ്സുകാരനായ മകന്‍െറ മാതാവായ ഷിഫാനയുടെ ശസ്ത്രക്രിയക്കാവശ്യമായ പണം മുഴുവന്‍ സമാഹരിച്ചത് നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. 20 ലക്ഷത്തോളം രൂപയാണ് സമീപപ്രദേശങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നും ലഭിച്ചത്. തുടര്‍ ചികിത്സക്കായി വലിയൊരു തുക ഇനിയും ആവശ്യമാണ്. ചികിത്സ പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷത്തോളം എടുക്കും. ആറ് മാസത്തോളം കൊച്ചിയില്‍ തന്നെ താമസിക്കണം. ഭര്‍ത്താവ് റിയാസും പിതാവ് അലവിയും കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ആറ് വര്‍ഷം മുമ്പാണ് ഷിഫാനക്ക് കരള്‍ രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൊറയൂര്‍ യൂനിറ്റി പാലിയേറ്റിവ് മുന്‍കൈ എടുത്തതോടെയാണ് വിവിധ മേഖലകളിലുള്ളവര്‍ സഹായഹസ്തവുമായി രംഗത്തത്തെിയത്. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സലീം മാസ്റ്റര്‍ ചെയര്‍മാനായി സഹായസമിതിക്ക് രൂപം നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി മൊറയൂര്‍ യൂനിറ്റ് സമീപപ്രദേശങ്ങളിലെ പ്രധാന കടകളിലെല്ലാം ചികിത്സ സഹായത്തിനായി പെട്ടികള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നാട് മുഴുവനും ഈ കാരുണ്യ പ്രവൃത്തിയില്‍ പങ്കാളികളായി. വോയ്സ് ഓഫ് വാലഞ്ചേരി വാട്ട്സ്ആപ്പ് കൂട്ടായ്മ, ജിദ്ദ-മൊറയൂര്‍ മഹല്ല് കമ്മിറ്റി, വാലഞ്ചേരി മഹല്ല് കമ്മിറ്റി, മൊറയൂരിലെ ഓട്ടോ തൊഴിലാളികള്‍ തുടങ്ങി നിരവധി സംഘടനകളാണ് സഹായഹസ്തവുമായി രംഗത്തത്തെിയത്. നാല് ബസുകളുടെ ഒരു ദിവസത്തെ കലക്ഷന്‍ മുഴുവന്‍ സഹായനിധിയിലേക്കായിരുന്നു. ഹോട്ടല്‍ ഫ്രന്‍റ്സിന്‍െറ ഒരു ദിവസത്തെ വരുമാനവും ഇതിനായി നീക്കിവെച്ചു. വിവിധ ക്ളബുകള്‍, കൂട്ടായ്മകള്‍, വായനശാലകള്‍ എന്നിവരെല്ലാം സഹായം നല്‍കി. വരുംദിവസങ്ങളില്‍ പള്ളികളിലും സ്കൂളുകളിലും സഹായസമിതിയുടെ നേതൃത്വത്തില്‍ പണം പിരിക്കും. ഫെഡറല്‍ ബാങ്കിന്‍െറ മോങ്ങം ശാഖയിലാണ് അക്കൗണ്ട് ആരംഭിച്ചിട്ടുള്ളത്. അക്കൗണ്ട് നമ്പര്‍ 11660200003943. ഐ.എഫ്.എസ്.സി: FDRL0001166. വിവരങ്ങള്‍ക്ക്: 9562223531.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.