കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ ‘മാപ്കോ’

മലപ്പുറം: ജില്ലയിലെ കാര്‍ഷിക മേഖലക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന രംഗത്തും ഉണര്‍വുണ്ടാക്കാന്‍ ലക്ഷ്യമിട്ട് മലപ്പുറം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (മാപ്പ്കോ) പ്രവര്‍ത്തനം തുടങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫിന്‍െറ (ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം) നേതൃത്വത്തിലാണ് മാപ്കോയുടെ പ്രവര്‍ത്തനം. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഫാര്‍മേഴ്സ് ഇന്‍ററസ്റ്റ് ഗ്രൂപ് രൂപവത്കരിക്കും. ഇതില്‍ അംഗങ്ങളായ കര്‍ഷകര്‍ തന്നെയായിരിക്കും കമ്പനിയുടെ ഓഹരി ഉടമകള്‍. ആകെ മൂലധനത്തിന്‍െറ അഞ്ച് ശതമാനം വരെ ഒരാള്‍ ഓഹരിയിലൂടെ എടുക്കാം. ജില്ലയില്‍ ജൈവ കൃഷിരീതി പൂര്‍ണമായും തിരിച്ചുകൊണ്ടുവരികയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം. പഞ്ചായത്ത്, നഗരസഭ, കൃഷിഭവനുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ജില്ലയില്‍ 50 പ്രദേശങ്ങളിലായി 20 കര്‍ഷകര്‍ വീതം അംഗങ്ങളാകുന്നതാണ് എഫ്.ഐ.ജി അഥവാ ഫാര്‍മേഴ്സ് ഇന്‍ററസ്റ്റ് ഗ്രൂപ്പ്. പ്രധാന നഗരങ്ങളായ മഞ്ചേരി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍ പ്രകൃതി ഭക്ഷണം ലഭ്യമാകുന്ന ഹോട്ടലുകളും കമ്പനിക്ക് കീഴില്‍ സ്ഥാപിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി കടകളില്‍ ആവശ്യമായ പേപ്പര്‍ കവര്‍, തുണി ബാഗുകള്‍ എന്നിവയും കമ്പനി വിതരണം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ മാപ്കോ മലപ്പുറം ചെയര്‍മാന്‍ പി. സുന്ദരരാജന്‍, ഇസാഫ് സംസ്ഥാന കോഓഡിനേറ്റര്‍ സിബി വര്‍ഗീസ്, മലപ്പുറം പ്രോജക്റ്റ് കോഓഡിനേറ്റര്‍ മാനോജ്കുമാര്‍, മാപ്കോ സി.ഇ.ഒ സി. സുരേഷ്, ഡയറക്ടര്‍ വി.പി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.