എ.ടി.എം തട്ടിപ്പ് : ജാമ്യത്തിലെടുത്തയാള്‍ തട്ടിപ്പില്‍ സംശയിക്കുന്നയാളെന്ന് പൊലീസ്

നിലമ്പൂര്‍: എ.ടി.എം വഴി വടക്കേന്തറ ദേവിനഗര്‍ ‘അഭിലാഷ്’ വീട്ടില്‍ രഘുപതി, ഭാര്യ ഗീതകുമാരി എന്നിവരുടെ 7.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളെ ജാമ്യത്തിലെടുത്തയാള്‍ തട്ടിപ്പില്‍ സംശയിക്കുന്നയാളെന്ന് പൊലീസ്. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ബൗറ സ്വദേശികളായ പഞ്ചം പാസ്വന്‍ (28), ഭോലു റവാനി (24) എന്നിവര്‍ക്കാണ് നിലമ്പൂര്‍ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പിടിയിലായ രണ്ട് പ്രതികളിലൊരാളായ ഭോലു റവാനിയെ ജാമ്യത്തിലെടുത്തത് ഇയാളുടെ മൂത്ത സഹോദരന്‍ ശങ്കര്‍ റവാനിയാണ്. ഇയാളെയും എ.ടി.എം തട്ടിപ്പില്‍ സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇളയ സഹോദരന്‍ വിജയ റവാനിയാണ് പ്രധാന പ്രതി. ഇയാള്‍ ഒളിവിലാണ്. തട്ടിപ്പ് നടത്തിയ പണം വീണ്ടെടുത്തിട്ടുമില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിടിയിലായവര്‍ക്ക് ജാമ്യം ലഭിച്ചത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍െറ നേതൃത്വത്തില്‍ നിലമ്പൂര്‍ അഡീഷനല്‍ എസ്.ഐയായിരുന്ന പി.കെ. അജിത്തും സംഘവുമാണ് പ്രതികളില്‍ രണ്ടുപേരെ വലയിലാക്കിയത്. അഞ്ച് ലക്ഷം രൂപ വീതം ബോണ്ടിന്‍മേലാണ് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോവരുത്, അന്വേഷണ ഉദ്യോഗസ്ഥനും കോടതിയും ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.