ഒമ്പത് മണിക്കൂര്‍ നീണ്ട പരിശ്രമം; വാതക ടാങ്ക് സുരക്ഷിതമായി നീക്കി

കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുണ്ടായ ടാങ്കര്‍ ലോറി അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ വാതക ടാങ്ക് ഒമ്പതു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സുരക്ഷിതമായി നീക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ചോടെയാണ് വാതക ടാങ്ക് മറ്റൊരു ലോറിയില്‍ ചേളാരിയിലെ പ്ളാന്‍റിലേക്കു മാറ്റിയത്. ടാങ്കര്‍ ലോറിയുടെ ചെയ്സ് പൂര്‍ണമായും തകര്‍ന്നതിനാല്‍ അപകടം നടന്ന് 42 മണിക്കൂറിനുശേഷമാണ് വാതകമുള്ള ബുള്ളറ്റ് ടാങ്ക് റോഡില്‍നിന്ന് നീക്കാനായത്. തമിഴ്നാട്ടിലെ നാമക്കലില്‍നിന്ന് ചെയ്സും ആക്സിലും എത്തിച്ച് ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ടാങ്ക് ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചത്. സുരക്ഷയൊരുക്കി അഗ്നിശമന സേനയും പൊലീസും സ്ഥലത്തുണ്ടായിരുന്നു. തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയശേഷം രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ടാങ്ക് ഉയര്‍ത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചേളാരി പ്ളാന്‍റിലെ സീനിയര്‍ മാനേജര്‍ എസ്. ശിവകുമാര്‍, മാനേജര്‍ കെ. ലക്ഷ്മിപതി, ടെക്നീഷന്‍ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അസിസ്റ്റന്‍റ് ഡിവിഷനല്‍ ഓഫിസര്‍ കെ. അഷ്റഫലിയുടെ നേതൃത്വത്തില്‍ പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂനിറ്റ് അഗ്നിശമന സേനയും സ്ഥലത്തത്തെിയിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസും ടാങ്ക് മാറ്റുന്നത് വരെ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി. അപകടത്തിന് ശേഷം കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെിയിരുന്നു. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് കൊല്ലത്തേക്ക് പോവുകയായിരുന്ന പാചക വാതക ടാങ്കര്‍ കെ.എസ്.ആര്‍ ടി.സി ബസിന് പിന്നില്‍ ഇടിച്ചശേഷം താഴ്ചയിലേക്ക് മറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.