തിരൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച തുഞ്ചന്‍െറ മടിത്തട്ടില്‍ കേളികൊട്ട് ഉയരുകയായി. അക്ഷരം പിച്ചവെച്ച മണ്ണില്‍ ഇനി അഞ്ചുനാള്‍ കലയുടെ മാമാങ്കം. ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ തിരൂര്‍ കലയുടെ പൂരപ്പറമ്പാകും. ആദ്യമായാണ് ജില്ല സ്കൂള്‍ കലോത്സവത്തിന് തിരൂര്‍ അരങ്ങൊരുക്കുന്നത്. 17 ഉപജില്ലകളിലെ കലാ പ്രതിഭകളാണ് തുഞ്ചന്‍െറ മണ്ണില്‍ സമ്മേളിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10മുതല്‍ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഒരു ഉപജില്ലക്ക് ഒരു കൗണ്ടര്‍ എന്ന രീതിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളതെന്ന് രജിസ്ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. രാജേന്ദ്രന്‍ നായര്‍ അറിയിച്ചു. കൗണ്ടറില്‍ രണ്ട് അധ്യാപകര്‍ വീതമുണ്ടാകും. സ്വീകരണ കമ്മിറ്റി തയാറാക്കിയ കലോത്സവ ബ്രോഷര്‍ പ്രകാശനം സി. മമ്മുട്ടി എം.എല്‍.എ നിര്‍വഹിച്ചു. വിനോദ് തലപ്പള്ളി, ജമാല്‍ ചേന്നര എന്നിവര്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി. നസറുല്ല, കണ്‍വീനര്‍ ഒ. ശ്രീനാഥന്‍, മനോജ് ജോസ്, എ.സി. പ്രവീണ്‍, ഹമീദ് കൈനിക്കര എന്നിവര്‍ സംബന്ധിച്ചു. വിപുലമായ ഒരുക്കങ്ങളാണ് തിരൂരില്‍ പൂര്‍ത്തിയായി വരുന്നത്. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്.എസ്.എം പോളിടെക്ക്നിക്ക് കോളജ്, പഞ്ചമി ജി.എല്‍.പി സ്കൂള്‍, ഡയറ്റ്, ബി.പി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായാണ് വേദികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.