കള്ളമില്ല, കളങ്കമില്ല; ജനകീയം ഈ റോഡ് നിര്‍മാണം

മലപ്പുറം: കൂട്ടിലങ്ങാടി പഞ്ചായത്തിലെ കീരംകുണ്ട് പ്രദേശത്തെ ഒരോരുത്തര്‍ക്കുമറിയാം തങ്ങള്‍ നടക്കുന്ന റോഡിന്‍െറ ഈടും ഉറപ്പും. കാരണം അത് നിര്‍മിച്ചത് അവര്‍ ഓരോരുത്തരുമാണ്. സംസ്ഥാനത്ത് ഏതൊരു പഞ്ചായത്തിനും മാതൃകയാക്കാവുന്നതാണ് 15ാം വാര്‍ഡ് ഉമ്മാട്ട്കുളമ്പ് റോഡ് നിര്‍മാണത്തിന് സ്വീകരിച്ച രീതി. പുതുവര്‍ഷദിനത്തില്‍തന്നെ പഞ്ചായത്ത് വേറിട്ട റോഡ് പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയത് നാട്ടുകാരില്‍ ആവേശമുണ്ടാക്കി. കരാറുകാരെ പൂര്‍ണമായും ഒഴിവാക്കി തികച്ചും ജനകീയമായാണ് 110 മീറ്റര്‍ വരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 2.40 ലക്ഷം രൂപയാണ് റോഡിനായി നീക്കിവെച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വാര്‍ഡ് അംഗം സജീര്‍, തൊഴിലുറപ്പ് കോ ഓഡിനേറ്റര്‍ വിമോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തുള്ളവരുടെ യോഗം വിളിച്ചു. കരാറുകാരെ ഏല്‍പ്പിച്ചാല്‍ മുഴുവന്‍ തുകയും റോഡിനായി ചെലവഴിക്കാന്‍ കഴിയില്ളെന്നും എല്ലാവരുടെയും സഹകരണം വേണമെന്നും വാര്‍ഡ് അംഗമടക്കമുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപക്ക് 30 മീറ്റര്‍ മാത്രമാണ് കരാറുകാരെ ഏല്‍പ്പിച്ചാല്‍ പൂര്‍ത്തികരിക്കാനാകുക. എന്നാല്‍, ജനങ്ങള്‍ മുന്നിട്ടറങ്ങിയതോടെ തുക പൂര്‍ണമായും റോഡിന് ചെലവഴിക്കാനായി. സാധാരണ രണ്ട് ദിവസമെടുക്കുന്ന പ്രവൃത്തി ഒരു ദിവസം കൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. 53 വര്‍ഷത്തിന് ശേഷം ഭരണമാറ്റമുണ്ടായ പഞ്ചായത്തില്‍ ഇത് 12ാമത്തെ റോഡാണ് കരാറുകാരെ ഒഴിവാക്കി നിര്‍മിക്കുന്നത്. ഇതിനുപുറമെ അഞ്ച് കുളങ്ങള്‍, ഏഴു കിണറുകള്‍ എന്നിവയും ഇത്തരത്തില്‍ നവീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.