എം.സി.ഐ പരിശോധന: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരെ ‘ഇറക്കുന്നു’

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അംഗീകാരം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെ കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍നിന്ന് എം.സി.ഐ പരിശോധനക്കുവേണ്ടി 20 ഡോക്ടര്‍മാരെ മഞ്ചേരിയിലേക്ക് മാറ്റി ഉത്തരവിറങ്ങി. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) അന്തിമ പരിശോധനയുണ്ടാവുമെന്ന അറിവിന്‍െറ പേരിലാണിത്. പരിശോധന കഴിയുന്ന മുറക്ക് ഇവര്‍ക്ക് പഴയ കേന്ദ്രങ്ങളിലേക്കുതന്നെ മാറ്റം നല്‍കാമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയതെന്നാണ് വിവരം. 12 ഡോക്ടര്‍മാരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന്. അനസ്തേഷ്യയില്‍ മൂന്ന് അസിസ്റ്റന്‍റ് പ്രഫസര്‍മാര്‍, ജനറല്‍ മെഡിസിനിലേക്ക് അസോസിയേറ്റ് പ്രഫസറും അസിസ്റ്റന്‍റ് പ്രഫസറും, എല്ല് വിഭാഗത്തിലേക്ക് അസോസിയേറ്റ് പ്രഫസറും അസി. പ്രഫസറും, തൊലി വിഭാഗത്തിലേക്ക് അസോസിയേറ്റ് പ്രഫസറും അസിസ്റ്റന്‍റ് പ്രഫസറും ഇ.എന്‍.ടിയിലേക്ക് അസോസിയേറ്റ് പ്രഫസര്‍, ജനറല്‍ മെഡിസിനിലേക്ക് അസോസിയേറ്റ് പ്രഫസറും അസി. പ്രഫസറുമായി 12 പേരെയാണ് തൃശൂരില്‍നിന്ന് മാറ്റിയത്. കോഴിക്കോടുനിന്ന് ജനറല്‍ മെഡിസിനില്‍ മൂന്ന് അസിസ്റ്റന്‍റ് പ്രഫസര്‍, പള്‍മനറി മെഡിസിനില്‍ പ്രഫസര്‍, നേത്ര വിഭാഗത്തിലും ഓറല്‍ ആന്‍ഡ് മാക്സിലോ ഫാഷ്യല്‍ സര്‍ജറിയിലും ഓരോ അസോസിയേറ്റ് പ്രഫസര്‍, ജനറല്‍ സര്‍ജറിയില്‍ അസോസിയേറ്റ് പ്രഫസറും അസി. പ്രഫസറുമടക്കം എട്ടുപേരെയും മാറ്റി. 2016 ഡിസംബറില്‍ മഞ്ചേരിയില്‍ എം.സി.ഐ അവസാനമായി നടത്തിയ പരിശോധനയില്‍ ഫാക്കല്‍റ്റികളില്‍ 20 ശതമാനം കുറവാണ് കണ്ടത്തെിയത്. ഇത് പരിഹരിക്കാതെ അംഗീകാരം നിലനിര്‍ത്തി നല്‍കാനാവില്ളെന്ന് അറിയിച്ചിരുന്നു. അതിന് സമയ പരിധിയും വെച്ചു. കോളജ് അധികൃതരോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളോടും നേരിട്ട് ഡല്‍ഹിയില്‍ എം.സി.ഐ ആസ്ഥാനത്ത് എത്താന്‍ അറിയിച്ച് കത്തും ലഭിച്ചു. എത്താന്‍ നിര്‍ദേശിച്ച തീയതി കഴിഞ്ഞാണ് ആ കത്ത് ലഭിച്ചത്. സീനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാരുടെ 16 ശതമാനം ഒഴിവാണ് അന്ന് കണ്ടത്തെിയത്. ഇവ പൂര്‍ണമായി നികത്തിയിട്ടില്ല. പുതിയ 20 ഡോക്ടര്‍മാരും നിലവിലുള്ള ഫാക്കല്‍റ്റികളും ഉണ്ടെങ്കില്‍ അംഗീകാരം നിലനിര്‍ത്താമെന്ന വിശ്വാസത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. ഒഴിവുകളിലേക്ക് പുതുതായി നിയമനം നടത്താതെ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്ന് എം.സി.ഐ പരിശോധനക്ക് വേണ്ടി മാത്രം ഡോക്ടര്‍മാരെ കൊണ്ടുവരുന്ന രീതിക്കെതിരെ മുന്‍വര്‍ഷങ്ങളില്‍ വ്യാപക എതിര്‍പ്പുയര്‍ത്തിയിരുന്നത് ഇടതുപക്ഷമാണ്. പുതിയ സര്‍ക്കാര്‍ വന്നപ്പോഴും പഴയ പല്ലവി ആവര്‍ത്തിക്കയാണെന്ന് പരാതി ഉയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.