റേഷന്‍ മുന്‍ഗണന പട്ടികയിലെ പോരായ്മ: പഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്

മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിച്ച റേഷന്‍ മുന്‍ഗണന പട്ടിക തള്ളാനും കൊള്ളാനും കഴിയാതെ ജനപ്രതിനിധികള്‍. പട്ടികയില്‍ അനര്‍ഹരെ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 23ന് മുമ്പ് അംഗീകരിക്കണമെന്നാണ് ആദ്യം നല്‍കിയ നിര്‍ദേശം. ഇത് മാര്‍ച്ച് മൂന്നുവരെ നീട്ടി. അനര്‍ഹരെ ഒഴിവാക്കുന്നതിലേറെ അര്‍ഹരെ ഉള്‍പ്പെടുത്താനുള്ള ആവശ്യങ്ങളാണ് വാര്‍ഡ് സഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്തുകളിലും നഗരസഭകളിലും ലഭിച്ച മുന്‍ഗണന പട്ടികയില്‍ അനര്‍ഹരുടെ നീണ്ട നിരയുണ്ട്. അര്‍ഹരായവര്‍ പലരും പുറത്തുതന്നെയാണ്. പട്ടികക്ക് എന്ത് ദോഷമുണ്ടെങ്കിലും അത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി ചാര്‍ത്തപ്പെടാനും ഗുണങ്ങള്‍ സര്‍ക്കാറിന്‍െറ പേരില്‍ എഴുതപ്പെടാനുമാണ് അവസാന തീരുമാനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അനര്‍ഹരെ ഒഴിവാക്കുന്നതോടൊപ്പം അര്‍ഹരെ ചേര്‍ക്കാനുള്ള അവസരംകൂടി നല്‍കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം. ഈ പ്രക്രിയയാണ് നേരത്തേ കഴിഞ്ഞതെന്നും ഇനി അതിന് അവസരം നല്‍കിയാല്‍ അനന്തമായി നീളുമെന്നുമാണ് സിവില്‍ സപൈ്ളസ് വകുപ്പ് അറിയിച്ചത്. അതേസമയം, മാര്‍ച്ച് മൂന്നിനകം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിച്ചില്ളെങ്കിലും പട്ടിക സര്‍ക്കാര്‍ അംഗീകരിക്കും. അപേക്ഷകള്‍ വാങ്ങാനോ സൂക്ഷ്മ പരിശോധന നടത്താനോ ജില്ല, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ല. ഒക്ടോബര്‍ 13ന് കരട് പട്ടിക പ്രസിദ്ധീകരിച്ച് സൂക്ഷ്മപരിശോധന നടത്താന്‍ നിര്‍ദേശിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് അയച്ചു. വില്ളേജ് ഓഫിസുകളിലും തദ്ദേശ സ്ഥാപന ഓഫീസുകളിലും താലൂക്ക് സപൈ്ള ഓഫിസുകളിലും അപേക്ഷ സ്വീകരിച്ച് ഹിയറിങ് നടത്തി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി പ്രസിദ്ധപ്പെടുത്തിയ അന്തിമ പട്ടികയാണിപ്പോള്‍. ഇതില്‍ കൂട്ടിച്ചേര്‍ക്കാനോ കുറക്കാനോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ല. അതേസമയം, അനര്‍ഹരുടെ പട്ടിക നല്‍കിയാല്‍ പൊതുവിതരണ വകുപ്പ് നീക്കം ചെയ്യും. റേഷന്‍ ഗുണഭോക്താക്കളുടേതായി തയാറായ അഞ്ചിനം പട്ടികയില്‍ അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന പട്ടിക എന്നിവയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. എ.എ.വൈ കാര്‍ഡിന് 28 കി.ഗ്രാം അരിയും ഏഴു കി.ഗ്രാം ഗോതമ്പും 250 ഗ്രാം പഞ്ചസാരയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട കാര്‍ഡിലെ ഓരോ വ്യക്തിക്കും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും 250 ഗ്രാം പഞ്ചസാരയും ലഭിക്കും. ഇത് ഫലത്തില്‍ ബി.ബി.എല്‍ കാര്‍ഡ് മാതൃകയില്‍ സാമൂഹിക സുരക്ഷ പദ്ധതികള്‍ക്ക് മാനദണ്ഡമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.