കഞ്ചാവുകേസില്‍ ജാമ്യത്തിലിറങ്ങിയയാള്‍ ആറരക്കിലോ കഞ്ചാവുമായി വീണ്ടും പിടിയില്‍

പെരിന്തല്‍മണ്ണ: ചില്ലറ വില്‍പനക്കാര്‍ക്ക് വിതരണത്തിന് കൊണ്ടുവന്ന ആറരക്കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കട്ടപ്പന മാത്യു എന്ന മാത്തുക്കുട്ടിയെയാണ് (55) എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മനഴി സ്റ്റാന്‍ഡ് പരിസരത്തെ ബീവറേജസ് ഒൗട്ട്ലെറ്റിന് സമീപത്താണ് ഡെപ്യൂട്ടി കമീഷണര്‍ വി.ആര്‍. അനില്‍കുമാറിന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ പിടിയിലായത്. മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായി നാലുവര്‍ഷം ശിക്ഷിക്കപ്പെട്ട ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു. കഴിഞ്ഞദിവസം മലപ്പുറത്ത് നിന്ന് പിടികൂടിയ മണ്ണാര്‍ക്കാട് സ്വദേശി ശിവരാമന്‍ എന്നയാള്‍ക്ക് ഇയാളാണ് കഞ്ചാവ് നല്‍കിയിരുന്നതെന്നും പറയുന്നു. ഒരാഴ്ചക്കിടെ 20 കിലോ കഞ്ചാവാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് എക്സൈസ് പ്രത്യേകസംഘം പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍ ടി. ഷിജുമോന്‍, എക്സൈസ് ഓഫിസര്‍മാരായ പി. സഫീറലി, കെ.പി. സാജിദ്, കെ.എസ്. അരുണ്‍കുമാര്‍, പ്രഭാകരന്‍ പള്ളത്ത്, ഡ്രൈവര്‍ അബ്ദുറഹിമാന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.