പാത കൈയേറ്റം ഒഴിപ്പിക്കാന്‍ സംയുക്ത പരിശോധന

മലപ്പുറം: റോഡുകളിലെയും നടപ്പാതകളിലെയും കൈയേറ്റം ഒഴിപ്പിക്കാന്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലതല റോഡ് സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്‍െറ നേതൃത്വത്തില്‍ പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പുകളുടെ സഹായത്തോടെയാകും നടപടി. ആദ്യപടിയായി നടപ്പാതകളിലുള്ള താല്‍ക്കാലിക കൈയേറ്റം ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് നല്‍കും. ആദ്യഘട്ടമായി വ്യാഴാഴ്ച മലപ്പുറം നഗരസഭയുടെ സഹായത്തോടെ മലപ്പുറം ടൗണില്‍ സംയുക്ത പരിശോധന നടത്തും. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഴി രണ്ടാംഘട്ടത്തില്‍ നടപടി സ്വീകരിക്കും. കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി. സയ്യിദ് അലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ കെ.എം. ഷാജി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മറ്റു തീരുമാനങ്ങള്‍: റോഡരികിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നതും കാഴ്ച മറക്കുന്നതുമായ പരസ്യബോര്‍ഡുകള്‍, മരച്ചില്ലകള്‍ എന്നിവ നീക്കും. വശങ്ങളില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ളാക്ക് സ്പോട്ടായി പരിഗണിച്ച് സൂചന ബോര്‍ഡ് സ്ഥാപിക്കും. റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, ഗതാഗത തടസ്സം ഉണ്ടാക്കുന്ന കുഴികള്‍, സ്ളാബുകള്‍ ഇല്ലാത്തതോ പൊട്ടിപ്പൊളിഞ്ഞതോ ആയ ഓടകള്‍ എന്നിവ നന്നാക്കാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കി ഫെബ്രുവരി 28 നകം സര്‍ക്കാറിന് നല്‍കും. പ്രവര്‍ത്തിക്കാത്ത ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കും. ശരിയായ ഡ്രൈവിങ് സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ബോധവത്കരണ ക്ളാസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കും. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്ന സ്ഥലങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മാരെയും പൊതുജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഡ്രൈവിങ് അവബോധ ക്ളാസുകള്‍ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.