വന്യജീവി ശല്യം: ജില്ലയോട് ചിറ്റമ്മനയം

നിലമ്പൂര്‍: ഏറ്റവും കൂടുതല്‍ വന്യജീവി ശല്യം നേരിടുന്ന ജില്ലകളിലൊന്നായ മലപ്പുറത്തിന് വനം വകുപ്പിന്‍െറ അവഗണന. ജില്ലയിലെ നിലമ്പൂര്‍ സൗത് ഡിവിഷനില്‍ ഒന്നര കിലോമീറ്റര്‍ സോളാര്‍ പാനല്‍ വേലിക്ക് മാത്രമാണ് തുക മാറ്റിവെച്ചത്. മൂന്ന് റെയ്ഞ്ചുകളുള്‍പ്പെടുന്ന സംസ്ഥാനത്തെ പ്രധാന ഡിവിഷനായ നിലമ്പൂര്‍ നോര്‍ത് ഡിവിഷന് ഒരു രൂപ പോലുമില്ല. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കായി 4004 കോടി രൂപ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ജില്ലക്ക് ഈ അവഗണന. 100 കോടി രൂപ കൃഷിയിടത്തിലെ വന്യജീവി ശല്യം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റിവെച്ചത്. ഇതില്‍ 25 കോടി ഈ സാമ്പത്തിക വര്‍ഷം വിനിയോഗിക്കും. സംസ്ഥാനത്തെ മുഖ്യപാലകന്‍െറ ഓഫിസാണ് ഫണ്ട് വിനിയോഗം നടത്തുന്നത്. തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ വനത്തില്‍ കാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്ന് വകുപ്പ് മന്ത്രിയടക്കം പറയുന്നു. വന്യജീവി ശല്യം മൂലമുള്ള കൃഷിനാശം സംഭവിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ല മലപ്പുറമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണം മൂലം മരിച്ച ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം 12 ആണ്. വന്യജീവിശല്യം മൂലം മാസത്തില്‍ ലക്ഷങ്ങളുടെ കൃഷിനാശമാണ് ഇവിടെയുണ്ടാവുന്നത്. നിലമ്പൂര്‍ വനാതിര്‍ത്തികളിലെ ചില ഭാഗങ്ങളില്‍ ട്രഞ്ച്, സോളാര്‍ പാനല്‍ എന്നിവ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കാലഹരണപ്പെട്ടും ഉപയോഗശൂന്യമായും കിടക്കുകയാണ്. ഇവ നന്നാക്കാനും ഫണ്ട് നീക്കിവെച്ചിട്ടില്ളെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.