ക്ഷീരവികസന മേഖലയില്‍ ജില്ലയുടെ പദ്ധതിവിഹിതം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ –മന്ത്രി കെ. രാജു

കരുളായി: ക്ഷീരവികസന മേഖലയില്‍ ജില്ലയുടെ പദ്ധതിവിഹിതം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വനം, ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു. നിലവില്‍ മൂന്നു കോടിയാണ് ജില്ലയുടെ വിഹിതം. ഉല്‍പാദനം വര്‍ധിക്കുകയും സൊസൈറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്താല്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കാനാകും. ജില്ലയിലെ 295 ക്ഷീരസംഘത്തില്‍ 55 എണ്ണം നിര്‍ജീവമാണെന്നും ഇവ സജീവമായാല്‍ ഈ മേഖലയില്‍ സ്വയംപര്യാപ്തത നേടാനാവുമെന്നും മന്ത്രി പറഞ്ഞു. കരുളായിയില്‍ ജില്ല ക്ഷീര കര്‍ഷക സംഗമത്തിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വേനല്‍ക്കാലത്ത് പശുവിന് തീറ്റയും വെള്ളവും നല്‍കാന്‍ വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പ്രതിദിനം 75 രൂപ വീതം ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കും. പാലിന്‍െറ ഗുണനിലവാര ചാര്‍ട്ട് പരിഷ്കരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെ എം.ഐ. ഷാനവാസ് എം.പി ആദരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറയ്ക്കല്‍, ജില്ല പഞ്ചായത്ത് അംഗം സെറീന മുഹമ്മദാലി, കാളികാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഖാലിദ് മാസ്റ്റര്‍, വൈസ് പ്രസിഡന്‍റ് റംല ടീച്ചര്‍, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിശാരിയില്‍ അസൈനാര്‍, സി.പി.ഐ ജില്ല സെക്രട്ടറി പി. സുനീര്‍, ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.