ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ്: ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്രം

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി കരിപ്പൂരിനെ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞ വിമാനത്താവളങ്ങള്‍ക്കുവരെ നല്‍കിയിട്ടും കരിപ്പൂരിനെ അവഗണിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിവിധ ഇടങ്ങളില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും പ്രതിരോധത്തിലായി. വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്തുന്നതിന് കരിപ്പൂരില്‍നിന്ന് അനുമതി ഇല്ലാത്തതിനാലാണ് ടെന്‍ഡറില്‍ ഉള്‍പ്പെടാത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, കരിപ്പൂരിനെക്കാള്‍ ചെറുതും കൂടുതല്‍ തീര്‍ഥാടകരുള്ളതുമായ ലഖ്നോവിന് അനുമതി നല്‍കിയിട്ടുണ്ട്. വിമാന ദുരന്തം നടന്ന ടേബിള്‍ടോപ് വിമാനത്താവളവും കരിപ്പൂരിനെക്കാളും 400 മീറ്റര്‍ റണ്‍വേ നീളം കുറഞ്ഞതുമായ മംഗലാപുരത്തുനിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഹജ്ജ് സര്‍വിസ് നടത്താന്‍ ഡി കാറ്റഗറിയിലുള്ള വിമാനത്താവളം മാത്രം മതിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍െറ ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. റണ്‍വേ നീളം കൂട്ടാതെതന്നെ ഡി കാറ്റഗറിയില്‍പെട്ട വിമാനം ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സര്‍വിസ് നടത്താമെന്നിരിക്കെ ഇത്തവണയും നെടുമ്പാശ്ശേരിക്ക് നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിനാണ് അധികൃതര്‍ വിശദീകരണം നല്‍കേണ്ടത്. അതേസമയം, കരിപ്പൂരില്‍നിന്നുതന്നെ സര്‍വിസ് നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ഉപവാസ സമരം നടത്തുമെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. പ്രതികാര നടപടിയാണ് വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത്. അത് എന്തിനാണെന്ന് വ്യക്തമാകുന്നില്ളെന്നും ഹജ്ജ് ഹൗസില്‍ എത്തിയ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.