മലപ്പുറം: കോട്ടപ്പടിയിലെ ഗവ. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസറെ സന്ദര്‍ശിച്ചു. ജില്ല ആസ്ഥാനത്തെയും പരിസരത്തെയും സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഇവര്‍ ഡി.എം.ഒ ഡോ. കെ. സക്കീനയെ ഉണര്‍ത്തി. അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് സംഘത്തിന് ഡി.എം.ഒ ഉറപ്പു നല്‍കി. ആശുപത്രിയില്‍ രണ്ട് ഫിസിഷ്യന്‍മാരിലൊരാളെ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഇതുവരെ പകരം ആളത്തെിയിട്ടില്ല. ഇവിടുത്തെ സ്റ്റാഫായ ഫിസിഷ്യന്‍ മെഡിക്കല്‍ കോളജില്‍ സേവനം ചെയ്യുന്ന കാര്യം മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡോ. സക്കീന വ്യക്തമാക്കി. നേരത്തെ രണ്ട് സീനിയര്‍ ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെ നാലുപേരുണ്ടായിരുന്നു. ഇതില്‍ രണ്ടുപേരെ മഞ്ചേരിയിലേക്ക് മാറ്റി. ബാക്കിയുള്ളവരിലൊരാള്‍ക്ക് അടുത്തിടെ സൂപ്രണ്ടിന്‍െറ ചുമതലകൂടി നല്‍കിയതോടെ ഗൈനക്കോളജി വിഭാഗം അവതാളത്തിലായി. ഒരു സര്‍ജന്‍മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. നിലവിലുള്ളയാള്‍ അവധിയിലോ നൈറ്റ് ഡ്യൂട്ടിയിലോ ആണെങ്കില്‍ രോഗികള്‍ കാത്തുനില്‍ക്കണം. ഡിസംബറില്‍ ട്രാന്‍സ്ഫറായ ടെക്നീഷ്യന് പകരം ഇതുവരെ ആളത്തെിയിട്ടില്ല. പുറത്തുനിന്ന് വലിയ തുക മുടക്കി എക്സ്റേ എടുക്കേണ്ട ഗതികേടിലാണ് രോഗികള്‍. അത്യാഹിത വിഭാഗത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കുക, ഫാര്‍മസി പ്രവര്‍ത്തനം ഏഴു വരെയാക്കുക എന്നീ ആവശ്യങ്ങളും നടപ്പായിട്ടില്ളെന്ന് സംഘം അറിയിച്ചു. എക്സ്റേ ടെക്നീഷ്യനെ താല്‍ക്കാലികമായി നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഡി.എം.ഒ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താമെന്നും ഡോ. സക്കീന ഉറപ്പുനല്‍കി. ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തില്‍ ഡി.എം.ഒയെ പങ്കെടുപ്പിക്കാനാണ് നഗരസഭ കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അന്നത്തെ ഡി.എം.ഒ മാറിയതിനാല്‍ പകരം ചുമതലയേറ്റ ഡോ. സക്കീനയെ യോഗത്തിന് ശേഷം അവരുടെ കാബിനില്‍ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ അറിയിക്കുകയായിരുന്നു. ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ്, കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ എന്നിവര്‍ക്ക് പുറമെ ആശുപത്രി സൂപ്രണ്ടും മറ്റു എച്ച്.എം.സി അംഗങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.