വിലക്കയറ്റം: ഒന്നാം പ്രതി കേന്ദ്ര സര്‍ക്കാര്‍ –വി.എം. സുധീരന്‍

വള്ളിക്കുന്ന്: രാജ്യം നേരിടുന്ന വിലക്കയറ്റത്തിനുള്ള മുഖ്യപ്രതി കേന്ദ്ര സര്‍ക്കാറാണെന്ന് വി.എം. സുധീരന്‍. രാജ്യത്തെ വിനാശകരമായ വര്‍ഗീയതയിലേക്ക് കൊണ്ടുപോവാനാണ് മോദിയുടെ ശ്രമം. നോട്ട് പിന്‍വലിക്കല്‍ ഇതിന് ഉദാഹരണമാണെന്നും സുധീരന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ മേഖല പ്രചാരണ ജാഥയുടെ ജില്ലയിലെ ആദ്യ സ്വീകരണം ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന നയമാണ് കേന്ദ്രത്തിന്‍േറത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുകയാണ്. കോര്‍പറേറ്റ് പ്രീണനം മോദി സര്‍ക്കാര്‍ നടത്തുമ്പോള്‍, സ്വാശ്രയ മാനേജ്മെന്‍റുകളുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജനം അസംതൃപ്തരാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ സി.പി.എമ്മും ബി.ജെ.പി.യും ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എ.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ഡോ. എം.കെ. മുനീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുനവറലി ശിഹാബ് തങ്ങള്‍, മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ. ഖാദര്‍, ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശ്, ജനതാദള്‍ പ്രസിഡന്‍റ് സബാഹ് പുല്‍പ്പറ്റ, കൃഷ്ണന്‍ കോട്ടുമല, ഇ. മുഹമ്മദ്കുഞ്ഞി, ബക്കര്‍ ചെര്‍ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബുധനാഴ്ചത്തെ പര്യടനം ചേളാരി, കൊണ്ടോട്ടി, അരീക്കോട്, എടക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിന് വണ്ടൂരില്‍ സമാപിച്ചു. വ്യാഴാഴ്ച മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം, വേങ്ങര, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.