ചൂട് കൂടി; തീപിടിത്തം വ്യാപകമാകുന്നു

ചങ്ങരംകുളം: വേനല്‍ കനത്തതോടെ തീപിടുത്തം പതിവാകുന്നു. തിങ്കളാഴ്ച വളയംകുളം സംസ്ഥാന പാതയോരത്തുള്ള പറമ്പിലും ചൊവ്വാഴ്ച കോക്കൂര്‍ ഭാഗത്ത് മലപ്പുറം-പാലക്കാട് ജില്ല അതിര്‍ത്തി പ്രദേശത്തും തീപിടിത്തമുണ്ടായി. ഏറെ തെങ്ങുകള്‍ ഉള്‍പ്പെടുന്ന ഫലവൃക്ഷങ്ങളും മറ്റും അഗ്നിക്കിരയായി. ഇവിടങ്ങളില്‍ ഫയര്‍ഫോഴ്സ് സംഘമത്തെിയാണ് തീയണച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ പത്തിലേറെ തീപിടിത്തമാണ് ഇവിടെ ഉണ്ടായത്. ഈ വര്‍ഷം എടപ്പാള്‍ ചേക്കോട് പാടത്ത് ലക്ഷങ്ങളുടെ നെല്ല് കത്തി നശിച്ചിരുന്നു. കുമരനെല്ലൂര്‍, ആനക്കര ഭാഗത്തും വയലില്‍ തീപിടിച്ചത് ഫയര്‍ഫോഴ്സ് എത്തിയാണ് അണച്ചത്. രണ്ട് ദിവസം മുമ്പ് എടപ്പാള്‍ വട്ടംകുളത്ത് വയലിന് തീപിടിച്ച് വാഴകള്‍ നശിച്ചിരുന്നു. പിന്നീട് പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ പ്രദേശത്ത് നിരവധി സ്ഥലങ്ങളില്‍ തീപിടിത്തം ഉണ്ടായിരുന്നു.പൊന്നാനിയില്‍ നിന്നോ, കുന്നംകുളത്ത് നിന്നോ ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ പല സ്ഥലങ്ങളിലും വീടുകളും കെട്ടിടങ്ങളും അടക്കം കത്താനുള്ളത് മുഴുവന്‍ കത്തി തീര്‍ന്നിരിക്കും. വാഹനത്തിരക്കേറിയ പാതകള്‍ക്കരികിലെ വയലുകളിലും ഒഴിഞ്ഞ പറമ്പുകളിലും തീ പടരുന്നത് പലപ്പോഴും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അശ്രദ്ധയോടെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ പോലും വന്‍ തീപിടിത്തത്തിലേക്ക് നയിക്കാറുണ്ട്. കൊയ്തൊഴിഞ്ഞ വയലുകള്‍ കളിക്കാനായി കുട്ടികള്‍ തീയിടുന്നതും കനത്ത ചൂടില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ കത്തി പടരുന്നതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഉണങ്ങി നില്‍ക്കുന്ന കുറ്റിക്കാടുകളും, പുല്‍ക്കാടുകളും കൊയ്തൊഴിഞ്ഞ വയലുകളുമാണ് തീ പിടിക്കുന്നതിലധികവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.