സര്‍ക്കാറിനുമേല്‍ വിളയാടാന്‍ ശ്രമിച്ചാല്‍ പല്ലില്ലാതെ നടക്കേണ്ടിവരും –മന്ത്രി സുധാകരന്‍

നവീകരിച്ച ഗുരുവായൂര്‍-ആല്‍ത്തറ-പൊന്നാനി സംസ്ഥാന പാത ഉദ്ഘാടനം ചെയ്തു ഗുരുവായൂര്‍: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനുമേല്‍ വിളയാടാന്‍ ശ്രമിച്ചാല്‍ പല്ലില്ലാതെ നടക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി ജി. സുധാകരന്‍. സര്‍വാധികാരമുള്ള സര്‍ സി.പി. അയ്യര്‍ മൂക്ക് മുറിഞ്ഞ് ഓടേണ്ടിവന്ന കാര്യം ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍നിന്ന് നാലുകോടി രൂപ ചെലവിട്ട് നവീകരിച്ച ഗുരുവായൂര്‍-ആല്‍ത്തറ-പൊന്നാനി സംസ്ഥാന പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. മാസങ്ങളോളം ഫയലുകളുടെ സൗന്ദര്യം കണ്ടിരിക്കണമെന്ന് നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിലുണ്ട്. എല്ലാവരും സെക്രട്ടേറിയറ്റില്‍ത്തന്നെ ജോലിചെയ്യണമെന്നില്ല. സെക്രട്ടേറിയറ്റിന്‍െറ ഭാഗമായി ജില്ല കേന്ദ്രങ്ങളില്‍ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. ജനാധിപത്യത്തിന്‍െറ പേരില്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്ന് കരുതരുതെന്ന് രാഷ്ട്രീയക്കാരെയും ഓര്‍മിപ്പിച്ചു. സ്വജന പക്ഷപാതവും രാഷ്ട്രീയ പക്ഷപാതവും കാണിക്കാന്‍ പാടില്ല. 5,000 കോടി രൂപ ചെലവഴിച്ച് തീരദേശ പാതയും 7,500 കോടി ചെലവഴിച്ച് മലയോരപാതയും നിര്‍മിക്കും. അതിനാവശ്യമായ നടപടി പൂര്‍ത്തിയായി. ബജറ്റോടെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കും. ജനവാസ കേന്ദ്രങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ പരമാവധി കുറക്കുകയാണ് സര്‍ക്കാറിന്‍െറ നയം. പൊതുമരാമത്ത് റോഡുകളുടെ 40 ശതമാനം വ്യക്തികള്‍ കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി മുഖ്യാതിഥിയായി. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി. ധനീപ്, ടി.ടി. ശിവദാസന്‍, പി. മുഹമ്മദ് ബഷീര്‍, ആര്‍. രവികുമാര്‍, എം.ബി. ഇക്ബാല്‍, പി.കെ. സെയ്താലിക്കുട്ടി, ഇ.പി. സുരേഷ് കുമാര്‍, വി.വി. ഡൊമിനിക്, വി.വി. കുമുദാബായ്, പി.ഡബ്ള്യു.ഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി.എസ്. സുജാറാണി, എം.എസ്. സുജ, എ.വി. ശേഖര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.