ഭക്ഷ്യസുരക്ഷാവകുപ്പിന് 16 ഓഫിസുകളും ഒരു വാഹനവും!

മലപ്പുറം: നാളുകള്‍ക്ക് മുമ്പ് വരെ വെറും രണ്ട് ഉദ്യോഗസ്ഥരായിരുന്നു ജില്ല ഭക്ഷ്യസുരക്ഷാവകുപ്പിനുണ്ടായിരുന്നത്. എന്നാലിപ്പോള്‍ സ്ഥിതി മാറി. തവനൂര്‍, വള്ളിക്കുന്ന്, ഏറനാട് എന്നിവയൊഴിച്ച് മറ്റു നിയോജക മണ്ഡലങ്ങളിലെല്ലാം ഉപഓഫിസുകള്‍ വന്നു. ഉദ്യോഗസ്ഥരെയും നിയമിച്ചു. എന്നാല്‍, 14 ഉപഓഫിസുകള്‍ക്കും ഒരു ജില്ല ഓഫിസിനും കൂടി ആകെയുള്ളത് ഒരു വാഹനം മാത്രം. ഇതാണെങ്കില്‍ കരാര്‍ വ്യവസ്ഥയിലും. രണ്ട് ജില്ലയുടെ വിസ്തൃതിയുള്ള മലപ്പുറത്ത് ഈയൊരു വാഹനം വെച്ച് നടത്തുന്ന പരിശോധന പ്രഹസനമാകുമെന്നാണ് വിമര്‍ശനം. പലപ്പോഴും ജില്ല ആസ്ഥാനത്തുനിന്ന് മലയോര, തീര മേഖലകളിലടക്കം ഓടിയത്തൊന്‍ മണിക്കൂറുകള്‍ വേണമെന്നിരിക്കെ ഇത്രയും ഉദ്യോഗസ്ഥരുണ്ടായിട്ടും ഫലം കിട്ടാത്തെ അവസ്ഥയാകും. കുറ്റിപ്പുറം, താനൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനമായി ഉപഓഫിസുകള്‍ തുറന്നത്. നിലമ്പൂരിലെ ഓഫിസ് ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. തവനൂര്‍, വള്ളിക്കുന്ന്, ഏറനാട് മണ്ഡലങ്ങളിലെ ഓഫിസുകള്‍ വൈകാതെ തുറക്കും. ഫുഡ്സേഫ്റ്റി ഓഫിസര്‍, ക്ളര്‍ക്ക്, പ്യൂണ്‍ എന്നിങ്ങനെ മൂന്നുപേരാണ് ഉപഓഫിസിലുണ്ടാകുക. വിവിധ ഓഫിസുകളില്‍ ചാര്‍ജെടുത്ത ഫുഡ്സേഫ്റ്റി ഓഫിസര്‍മാര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് പരിശീലനത്തിലാണ്. ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ എത്തി പരിശോധന നടത്തേണ്ടത് ഫുഡ്സേഫ്റ്റി ഓഫിസറാണ്. ആവശ്യമെങ്കില്‍ ജില്ല ഓഫിസിന്‍െറ സഹായം തേടാം. എന്നാല്‍, വാഹനമില്ലാതെ എങ്ങനെ പരിശോധനക്ക് പോകുമെന്ന ചോദ്യം ബാക്കിയാണ്. നിലവില്‍ ജില്ലയിലെവിടെയെങ്കിലും പരിശോധന നടത്തണമെങ്കില്‍ മലപ്പുറത്തുള്ള വാഹനം വിളിച്ചുവരുത്തണം. ഫലത്തില്‍ ജില്ല ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉപഓഫിസിന് മാത്രമേ ആവശ്യമുള്ള സമയത്ത് വാഹനം ലഭിക്കൂവെന്നതാണ് സ്ഥിതി. സ്ഥിരമായി ഒരു വാഹനവും കരാര്‍ വ്യവസ്ഥയില്‍ മറ്റൊന്നും അനുവദിച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ സുഗമമാക്കാന്‍ കഴിയും. എന്നാല്‍, കമീഷനറേറ്റ് ഓഫിസിലേക്ക് നിരന്തരം അപേക്ഷകളയച്ചിട്ടും ഫലമില്ളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവനന്തപുരത്തെ ഓഫിസില്‍ നാല് വാഹനം കരാറിലോടിക്കുമ്പോള്‍ മലപ്പുറത്തേക്ക് എങ്ങനെയാണ് സ്വന്തം വാഹനം അനുവദിക്കുകയെന്നാണ് തലസ്ഥാനത്ത് നിന്നുള്ള ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.