മലയോര മേഖലയില്‍ പുഴയോര കൈയേറ്റം വ്യാപകം

എടക്കര: മലയോര മേഖലയിലെ പ്രധാന പുഴകളുടെ ഓരങ്ങള്‍ വ്യാപകമായി കൈയേറുന്നതായി ആക്ഷേപം. വഴിക്കടവ്, എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കലക്കന്‍പുഴ, കാരക്കോടന്‍ പുഴ, പുന്നപ്പുഴ, കരിമ്പുഴ, ചാലിയാര്‍, നീര്‍പുഴ, കുറുവന്‍പുഴ എന്നിവയുടെ ഓരങ്ങളില്‍ ഹെക്ടര്‍ കണക്കിന് സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികള്‍ കൈയടക്കിയിട്ടുള്ളത്. മൂത്തേടം ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുഴയോരം കൈയേറിയതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നെല്ലിക്കുത്ത്, ഈങ്ങാര്‍, തോട്ടപ്പാള മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഏക്കറുകണക്കിന് പുഴയോരമാണ് കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. വര്‍ഷക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴ വേനല്‍ക്കാലത്ത് നീര്‍ച്ചാലുകളായി മാറുമ്പോഴാണ് സ്വകാര്യ വ്യക്തികള്‍ കൈയേറ്റം ആരംഭിക്കുന്നത്. മഴക്കാലത്ത് ജലനിരപ്പുയരുമ്പോള്‍ പുഴകളില്‍ അടിഞ്ഞുകൂടുന്ന മണ്‍തിട്ടകളും എക്കല്‍ മണ്ണ് അടിഞ്ഞുണ്ടാകുന്ന കരപ്രദേശവും ചേര്‍ത്താണ് സമീപത്തെ തോട്ടം ഉടമകള്‍ കൈയേറുന്നത്. വേനല്‍ക്കാലങ്ങളില്‍ ഇത്തരം സ്ഥലങ്ങളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള ഹൃസ്വകാല കൃഷികള്‍ നടത്തുന്നവര്‍ പിന്നീട് വേലികെട്ടി തെങ്ങ്, കമുക്, റബര്‍ തുടങ്ങി ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്ത് സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് പുഴയോരമാണ് വെട്ടി പിടിച്ച് സ്വന്തമാക്കിയിട്ടുള്ളത്. നിലവിലുള്ള ഭൂമി രേഖകള്‍ പരിശോധിച്ചാല്‍ കൈയേറ്റം ബോധ്യപ്പെടുമെന്നിരിക്കെ ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും നടപടിഎടുക്കാത്തതിലും നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.