മികച്ച വരുമാനമുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തലാക്കാന്‍ നീക്കം

മലപ്പുറം: വരുമാനം കുറവുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്‍െറ മറവില്‍ മികച്ച വരുമാനമുള്ള മലപ്പുറം-എടവണ്ണപ്പാറ-കോഴിക്കോട് സര്‍വിസ് നിര്‍ത്തലാക്കാന്‍ നീക്കം. മലപ്പുറം ഡിപ്പോയില്‍നിന്ന് ഈ റൂട്ടിലോടുന്ന ഏക കെ.എസ്.ആര്‍.ടി.സി സര്‍വിസാണ് നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഓര്‍ഡിനറി സര്‍വിസില്‍ ദിനംപ്രതി 10,000 രൂപ കലക്ഷന്‍ ലഭിക്കുന്നുണ്ട്. മലപ്പുറം കലക്ടറേറ്റിലേക്കും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുമുള്ള നിരവധി ഗ്രാമീണ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന സര്‍വിസ് നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിന്‍െറ ഭാഗമായി ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് മലപ്പുറത്തുനിന്ന് കൊണ്ടോട്ടി വഴി കോഴിക്കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചത്. പുലര്‍ച്ചെ 4.50ന് എടവണ്ണപ്പാറയില്‍നിന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ബസിനെ വിവിധ ട്രെയിനുകളിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുമുള്ള യാത്രക്കാര്‍ ആശ്രയിക്കുന്നുണ്ട്. പിന്നീട് എടവണ്ണപ്പാറയില്‍ വന്ന് രാവിലെ 8.30ന് മലപ്പുറത്തേക്കുള്ള ബസില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് വരുന്ന ഉദ്യോഗസ്ഥരും വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടാവാറുണ്ട്. ഉച്ചക്ക് ടി.ടിയായി കോഴിക്കോട്ടേക്ക് ഓടുന്ന ബസ് വൈകീട്ട് അഞ്ചിന് മലപ്പുറത്തുനിന്ന് എടവണ്ണപ്പാറ വഴി കോഴിക്കോട്ടേക്ക് പോകുമ്പോഴും യാത്രക്കാരുടെ തള്ളിക്കയറ്റമാണ്. നാല് ദിവസമായി ബസ് സര്‍വിസ് നിര്‍ത്തിയിരിക്കയാണ്. ഇടക്കിടെ ഇങ്ങനെ സര്‍വിസ് മുടങ്ങുമ്പോള്‍ യാത്രക്കാര്‍ കുറയുന്നത് ചൂണ്ടിക്കാട്ടി കലക്ഷന്‍ മോശമാണെന്ന് വരുത്തിത്തീര്‍ത്ത് സര്‍വിസ് റദ്ദാക്കാനാണ് നീക്കമെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ ഗതാഗത മന്ത്രിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 6,000 രൂപ വരെ കലക്ഷന്‍ ലഭിക്കുന്ന ബസുകള്‍ യഥേഷ്ടം സര്‍വിസ് നടത്തുമ്പോഴാണ് മികച്ച കലക്ഷനുള്ള സര്‍വിസ് നിര്‍ത്തലാക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.