നിലമ്പൂരില്‍ ഓണ്‍ ഗ്രിഡ് സൗരോര്‍ജ പദ്ധതിക്ക് തുടക്കം

നിലമ്പൂര്‍: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്‍െറ ഭാഗമായി അനെര്‍ട്ടിന്‍െറ സഹായത്തോടെ ഓണ്‍ ഗ്രിഡ് സൗരോര്‍ജ പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി. ചന്തക്കുന്നിലെ ഹോമിയോ ഡോക്ടര്‍ സരിത് സിദ്ദീഖിന്‍െറ ഡിസ്പെന്‍സറിയിലാണ് ആദ്യത്തെ ഓണ്‍ ഗ്രിഡ് സൗരോര്‍ജ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സബ്സിഡിയോടുകൂടി സംസ്ഥാന വൈദ്യുതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ അനെര്‍ട്ട് നടപ്പാക്കുന്ന രണ്ട് പദ്ധതികളാണ് സോളാര്‍ കണക്ട്, സോളാര്‍ സ്മാര്‍ട്ട്് എന്നിവ. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായുള്ള ബാറ്ററിയോട് കൂടിയ പദ്ധതിയാണ് സോളാര്‍ സ്മാര്‍ട്ട്. ഒരു കിലോവാട്ടില്‍നിന്ന് മൂന്ന് യൂനിറ്റ് വരെ ദിവസവും ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. ഒരു കിലോവാട്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെയുള്ള യൂനിറ്റുകളാണ് വീടുകള്‍ക്ക് പ്രധാനമായും നല്‍കുന്നത്. സബ്സിഡി കഴിച്ച് ഒരു കിലോവാട്ട് യൂനിറ്റിന് 80,000 രൂപയും രണ്ട് കിലോവാട്ടിന്‍േറതിന്് 1,44,200, മൂന്ന് കിലോവാട്ടിന്‍േറതിന് 2,05,000 രൂപയുമാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്. സോളാര്‍ വൈദ്യുതി സ്വന്തമായി ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് കെ.എസ്.ഇ.ബി വൈദ്യുതി ബില്ലില്‍ യൂനിറ്റിന് ഒരുരൂപ വെച്ച് കുറവ് നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ഇരട്ടി ആനുകൂല്യമാകും. സോളാര്‍ കണക്ട് പദ്ധതിപ്രകാരമുള്ള സൗരോര്‍ജ പ്ളാന്‍റാണ് ചന്തക്കുന്നിലെ ഡിസ്പെന്‍സറിയില്‍ സ്ഥാപിച്ചത്. ഈ പദ്ധതി പ്രകാരം സ്ഥാപിച്ച സോളാര്‍ സിസ്റ്റത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ ഉപയോഗിച്ചതിന്‍െറ ബാക്കി കെ.എസ്.ഇ.ബിക്ക് തിരിച്ചു നല്‍കാവുന്നതാണ്. ഇതിന് കെ.എസ്.ഇ.ബി പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ ശരാശരി വില ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇത്തരം വീടുകളില്‍ കെ.എസ്.ഇ.ബി പ്രത്യേകം മീറ്ററും സ്ഥാപിച്ചുനല്‍കും. രണ്ട് കിലോവാട്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെയുള്ള യൂനിറ്റുകളാണ് സോളാര്‍ കണക്ട് പദ്ധതിയിലൂടെ സ്ഥാപിച്ചത്. കിലോവാട്ടിന് 50,000 രൂപയാണ് വില. ഫെബ്രുവരി 28ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കൂ. 28ന് മുമ്പ് പ്ളാന്‍റിന്‍െറ പണി പൂര്‍ത്തീകരിക്കുകയും വേണം. വീട്ടാവശ്യങ്ങള്‍ക്കുള്ള ഒരു കിലോവാട്ട് യൂനിറ്റില്‍ 250 വാട്സിന്‍െറ നാല് സോളാര്‍ പാനലുകള്‍, 150 എ.എച്ചിന്‍െറ നാല് ബാറ്ററികള്‍, 1000 വാട്സിന്‍െറ ഒരു ഇന്‍വെര്‍ട്ടര്‍ എന്നിവയുണ്ടാവും. സാധാരണ ഒരു വീടിനാവശ്യമുള്ള വൈദ്യുതി ഇതില്‍നിന്ന് ലഭിക്കും. 25 വര്‍ഷമാണ് സോളാര്‍ പാനലിന്‍െറ ഗ്യാരന്‍റി. അഞ്ച് വര്‍ഷമാണ് ബാറ്ററിയുടെയും ഇന്‍വെര്‍ട്ടറിന്‍െറയും ഗ്യാരന്‍റി. ചന്തക്കുന്ന് ഫാത്തിമഗിരി സ്കൂള്‍, മുക്കട്ട വലിയ ജുമാമസ്ജിദ്, ചന്തക്കുന്ന് മസ്ജിദ്, സമീപത്തെ ചില വീടുകള്‍ എന്നിവിടങ്ങളിലെല്ലാം ഒരു കിലോവാട്ടിന്‍െറ പദ്ധതി നടപ്പായി കഴിഞ്ഞു. യഥാര്‍ഥ വിലയുടെ നാലില്‍ മൂന്ന് ഭാഗവും സബ്സിഡിയായി ലഭിക്കുന്നതിനാല്‍ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. പദ്ധതി പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ മുസ്തഫ കളത്തുംപടിക്കല്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മെഹറൂബ്, സബ് ഡിവിഷന്‍ അസി. എന്‍ജിനീയര്‍ സുരേഷ് കുമാര്‍, എ.ഇ എം.വി. ഹരിദാസ്, അനെര്‍ട്ട് എന്‍ജിനീയര്‍ സി.എസ്. മിഥുന്‍, ടാറ്റാ സോളാര്‍ പ്രതിനിധി അന്‍വര്‍ സാദത്ത്, അനില്‍ പോത്തുകല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.