കെ.എസ്.ആര്‍.ടി.സി സമരം സര്‍വിസുകളെ ബാധിച്ചു

മലപ്പുറം: തുടര്‍ച്ചയായ ശമ്പളം മുടങ്ങലില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സര്‍വിസുകളെ ബാധിച്ചു. നാല് സബ് ഡിപ്പോകളില്‍നിന്നുള്ള ഹ്രസ്വ, ദീര്‍ഘദൂര സര്‍വിസുകള്‍ പലതും മുടങ്ങിയത് യാത്രക്കാരെ വലച്ചു. ഹ്രസ്വദൂര യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചപ്പോള്‍ ദീര്‍ഘദൂരക്കാര്‍ക്ക് സര്‍വിസ് മുടക്കം ദുരിതമായി. എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍, കോണ്‍ഗ്രസിന്‍െറ ടി.ഡി.എഫ്, ബി.എം.എസിന്‍െറ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് സംഘ് എന്നിവയാണ് വ്യാഴാഴ്ച അര്‍ധരാത്രി തുടങ്ങിയ 24 മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തത്. മലപ്പുറം സബ് ഡിപ്പോയില്‍നിന്ന് സാധാരണ 50ല്‍പ്പരം സര്‍വിസുകള്‍ അയക്കാറുണ്ട്. ഇവയില്‍ 28ഉം മുടങ്ങി. ആറ് ജന്‍റം, നാല് ഫാസ്റ്റ്, 12 ഓര്‍ഡിനറി, രണ്ട് ലിമിറ്റഡ് സ്റ്റോപ്, തലേദിവസത്തെ നാല് സ്റ്റേറ്റ് സര്‍വിസ് എന്നിവ ജീവനക്കാരില്ലാത്തതിനാല്‍ അയക്കാനായില്ല. വൈകീട്ട് മൂന്നിന് പുറപ്പെടേണ്ട എ.സി ലോ ഫ്ളോര്‍ ജന്‍റം ബസില്‍ ഡ്രൈവറില്ലാത്തതിനാല്‍ സൂപ്പര്‍ ഫാസ്റ്റ് വണ്ടിയാണ് പകരം പോയത്. യാത്രക്കാര്‍ റിസര്‍വ് ചെയ്തിരുന്നതിനാല്‍ ട്രിപ് മുടക്കം ഒഴിവാക്കാതിരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. രണ്ട് ബസുകള്‍ മാത്രമാണ് തിരൂര്‍-മഞ്ചേരി റൂട്ടില്‍ വെള്ളിയാഴ്ച നിരത്തിലിറങ്ങിയത്. നിലമ്പൂര്‍ സബ് ഡിപ്പോയെ സമരം കാര്യമായി ബാധിച്ചില്ല. 36ല്‍ 32ഉം സര്‍വിസ് നടത്തി. പൊന്നാനിയില്‍ 38ല്‍ 23ഉം അയച്ചു. ഇവിടെ നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള രണ്ടും കുന്നംകുളത്തേക്കുള്ള ഒരു സര്‍വിസും മുടങ്ങി. പെരിന്തല്‍മണ്ണ സബ് ഡിപ്പോയില്‍നിന്നുള്ള അഞ്ച് ഹ്രസ്വദൂര സര്‍വിസുകള്‍ മുടങ്ങി. വളാഞ്ചേരി, തിരുവിഴാംകുന്ന് റൂട്ടിലെ ചില സര്‍വിസുകള്‍ ജീവനക്കാരില്ലാത്തതിനാല്‍ റദ്ദാക്കി. മറ്റു ജില്ലകളിലെ ഡിപ്പോകളില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വിസുകളില്‍ പലതും മുടങ്ങിയത് യാത്രക്കാരെ വലച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഡിപ്പോകള്‍ക്ക് മുന്നില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. മലപ്പുറത്ത് നടന്ന പ്രകടനത്തിന് നസീര്‍ അയമോന്‍, വി.പി. കുഞ്ഞു, എം.ആര്‍. ശെല്‍വരാജ് (ഐ.എന്‍.ടി.യു.സി), എന്‍.കെ. ഫൈസല്‍ (ഡ്രൈവേഴ്സ് യൂനിയന്‍), കെ.പി. യൂസുഫ് (എ.ഐ.ടി.യു.സി) എന്നിവര്‍ നേതൃത്വം നല്‍കി. വിശദീകരണ യോഗത്തില്‍ പി.ടി. ഷറഫുദ്ദീന്‍, കെ.കെ. പ്രജീഷ്, പി. അറുമുഖന്‍, മൊയ്തീന്‍കുട്ടി, പി. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.