വ​നി​ത ​ക​മീ​ഷ​ൻ സിറ്റിങ്​​: 29 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി

മലപ്പുറം: വിവാഹം ചെയ്തയച്ച വീട്ടിൽ നിരന്തരം പട്ടിണിക്കിട്ടെന്ന പരാതിയുമായി യുവതി വനിത കമീഷന് മുന്നിലെത്തി. പരപ്പനങ്ങാടിയിലെ ഭർതൃവീട്ടിൽ ഭക്ഷണം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. പട്ടിണി സഹിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി പരാതി നൽകിയതറിഞ്ഞ് ഭർതൃമാതാവും സഹോദരിയും കമീഷന് മുന്നിലെത്തിയിരുന്നെങ്കിലും ഇവരോടൊപ്പം പോകാൻ യുവതി തയാറായില്ല. ഭർത്താവ് ജോലിക്ക് പോകാത്തതിനാൽ ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ചതോടെ ഇവരോട് കുടുംബകോടതിയെ സമീപിക്കാൻ കമീഷൻ അംഗം ജെ. പ്രമീളദേവി നിർദേശിച്ചു. ഭർത്താവ് നിരന്തരം അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി മറ്റൊരു യുവതിയുടെ പരാതിയും കമീഷൻ തീർപ്പാക്കി. വിവാഹത്തിന് ശേഷവും ഉത്തരവാദിത്തം ഏറ്റെടുക്കാതെ സ്വതന്ത്രനായി ജീവിക്കാനാണ് ഭർത്താവിന് താൽപര്യമെന്നും അതിനാൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും ഇവരും കമീഷനെ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ ഫോട്ടോയെടുത്ത് സാമൂഹികമാധ്യമങ്ങളിലിട്ടെന്ന പൊതുപ്രവർത്തകർക്കെതിരെയുള്ള പരാതിയും കമീഷന് മുമ്പാകെ എത്തി. കാളികാവിൽ നിന്നുള്ളതാണ് ഈ പരാതി. വഴിത്തർക്കം, അതിർത്തിതർക്കം തുടങ്ങിയ പരാതികളും കമീഷന് മുമ്പാകെ എത്തി. മലപ്പുറം അടക്കം മിക്ക ജില്ലകളിലും കേസുകൾ വർധിക്കുകയാണെന്ന് കമീഷൻ പറഞ്ഞു. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അധികവുമെത്തുന്നത്. കുടുംബബന്ധങ്ങൾ ദുർബലമാകുന്നതാണ് ഇതിന് കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. 51 കേസുകളിൽ 29 എണ്ണം തീർപ്പാക്കി. ഏഴ് കേസുകളിൽ പൊലീസിനോടും രണ്ട് കേസുകളിൽ ആർ.ഡി.ഒയോടും വിശദീകരണം ആവശ്യപ്പെട്ടു. 13 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.