കൗമാര ക്രിക്കറ്റില്‍ ആനന്ദ് കൃഷ്ണനും സഫ്വാനും കേരളക്കുപ്പായമണിയും

മലപ്പുറം: അണ്ടര്‍ 19 ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി ക്രീസിലിറങ്ങാന്‍ രണ്ട് മലപ്പുറത്തുകാര്‍. ഹൈദരാബാദില്‍ ബി.സി.സി.ഐ സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലാണ് നിലമ്പൂര്‍ വടപുറം സ്വദേശി ആനന്ദ് കൃഷ്ണനും തിരൂര്‍ക്കാട്ടുകാരനായ മുഹമ്മദ് സഫ്വാനും കളിക്കുക. എറണാകുളം തേവര സേക്രട്ട് ഹേര്‍ട്ട് കോളജിലെ ഒന്നാംവര്‍ഷ ബി.എ ഇംഗ്ളീഷ് വിദ്യാര്‍ഥികളാണ് ഇവര്‍. എറണാംകുളത്താണ് ടീമിന്‍െറ ക്യാമ്പ് നടക്കുന്നത്. ജില്ലാ ടീമില്‍ ആറ് വര്‍ഷത്തോളം സ്ഥിരസാന്നിധ്യമായിരുന്ന ആനന്ദ് കൃഷ്ണന്‍ കേരളത്തിനായി അണ്ടര്‍ 14, 16 സംഘങ്ങളിലും കളിച്ചിരുന്നു. ഇന്ത്യന്‍ സൗത് സോണ്‍ സെലക്ഷന്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട് ഈ ബാറ്റ്സ്മാന്‍. സഫ്വാന്‍ തിരുവനന്തപുരത്തെ കെ.സി.എ ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് സജീവമായത്. അണ്ടര്‍ 14, 16 കേരള ടീമുകളില്‍ അംഗമായിരുന്ന ഈ ഓള്‍റൗണ്ടര്‍ തിരൂര്‍ക്കാട് പള്ളിപ്പടി പുതിയങ്ങാടി മുഹമ്മദ് അസ്ലമിന്‍െറയും റജീനയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.