മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി: നിയമന, നിര്‍മാണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ കെട്ടിട നിര്‍മാണം, ജീവനക്കാരുടെ നിയമനം തുടങ്ങിയവയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. ഇതിനായി നേരത്തേ സമര്‍പ്പിച്ച പദ്ധതികളില്‍ നടപടികള്‍ വേഗത്തിലാക്കും. കോളജിനും ഹോസ്റ്റലിനുമായി 75 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. ഇത് ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും മഞ്ചേരിയില്‍ ഏര്‍പ്പെടുത്തും. കോളജിന് കണ്ടത്തെിയ പോരായ്മകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിക്കും. അധ്യാപകരുടെ കുറവ് പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കും. നേരത്തേ നിയമിച്ച സീനിയര്‍, ജൂനിയര്‍ റെസിഡന്‍റുമാരില്‍ ജോലിക്ക് ഹാജരാകാത്തവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കും. നിയമനം നേടിയവരെക്കൊണ്ട് കാഷ്വല്‍റ്റി ഡ്യൂട്ടി എടുപ്പിക്കാന്‍ നടപടി സ്വീകരിക്കും. ശമ്പളം കുറവായതുകാരണം താല്‍ക്കാലിക നിയമനത്തിന് ഡോക്ടര്‍മാരെ കിട്ടാത്ത സാഹചര്യത്തില്‍ പ്രതിഫലം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. നിലവില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് 35,000 രൂപയാണ് ശമ്പളം നല്‍കുന്നത്. യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍, കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.