മുന്നില്‍ നടന്ന് ഇരുമ്പുഴി ജി.എം.യു.പി സ്കൂള്‍

മലപ്പുറം: പാഠപുസ്തകങ്ങളും പഠനവും ഡിജിറ്റലാകുന്ന കാലത്ത് അവക്കൊപ്പം വിദ്യാര്‍ഥികളെ നയിച്ച് മുന്നില്‍ നടക്കുകയാണ് ഈ സര്‍ക്കാര്‍ സ്കൂള്‍. ഇരുമ്പുഴി ജി.എം.യു.പി സ്കൂളില്‍ 22 ക്ളാസ്മുറികളിലും ഇതിനുള്ള സൗകര്യം സജ്ജമായി. ഡിജിറ്റല്‍ ക്ളാസ് മുറികളുടെ ഭാഗമായി ആദ്യഘട്ടമായി എല്ലാ ക്ളാസ്മുറികളിലും 32 ഇഞ്ച് ടി.വി സ്ഥാപിച്ചു. പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനൊപ്പം ഇവയുടെ ചിത്രങ്ങളും വിവരണങ്ങളും കുട്ടികള്‍ക്ക് എത്തിക്കാന്‍ ഇതുവഴി അധ്യാപകര്‍ക്കാകും. ലാപ്ടോപ്, പെന്‍ഡ്രൈവ് എന്നിവ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ഇന്‍റര്‍നെറ്റ് സൗകര്യവും സ്കൂളിലുണ്ട്. എല്ലാ ക്ളാസ്മുറികളിലും സി.സി.ടി.വി, വീഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള സൗകര്യങ്ങള്‍ എന്നിവ അടുത്തഘട്ടമായി ഒരുക്കും. പി.ടി.എ, പൂര്‍വ വിദ്യാര്‍ഥികള്‍, പ്രദേശവാസികള്‍ എന്നിവരുടെ ജനകീയ കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങളുടെ പിറകില്‍. അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ സമാഹരിച്ച തുകകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഒന്നു മുതല്‍ ഏഴ്വരെ ക്ളാസുകളിലായി 700 കുട്ടികള്‍ ഇവിടെയുണ്ട്. ഡിജിറ്റല്‍ ക്ളാസ്മുറികളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍റ് യു. മൂസ, പ്രധാനാധ്യാപിക പി. സുഷ, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്, എസ്.ആര്‍.ജി കണ്‍വീനര്‍ നിഷ കൈനിക്കര എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.