ആഘോഷത്തിരക്കിലമര്‍ന്ന് നാടും നഗരവും

പെരിന്തല്‍മണ്ണ: ഓണം-പെരുന്നാള്‍ തിരക്കില്‍ അങ്ങാടിപ്പുറം ടൗണ്‍, റെയില്‍വേ മേല്‍പ്പാലം, പെരിന്തല്‍മണ്ണ ടൗണ്‍, പരിസര പ്രദേശങ്ങള്‍ എന്നിവ ശനിയാഴ്ച കനത്ത ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. കൂറ്റന്‍ ലോറികളടക്കമുളള വാഹനങ്ങള്‍ കടന്നുവന്നതാണ് ഗതാഗതക്കുരുക്കിന് വഴിവെച്ചത്. ഓണം-പെരുന്നാള്‍ കോള്‍ വാങ്ങാനത്തെിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബസുകളിലും സ്വന്തം വാഹനങ്ങളിലും കുടുങ്ങി. പതിവിലേറെ വാഹനങ്ങള്‍ നാല് വരിയായി എത്തുകയും അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിലേക്ക് കയറുന്നിടത്ത് വരി രണ്ടായി ചുരുങ്ങുകയും ചെയ്തതോടെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങി. അതോടെ മേല്‍പ്പാലത്തിന്‍െറ രണ്ടുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയായി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ജങ്ഷനുകളിലും കുരുക്ക് മുറുകി. പെരിന്തല്‍മണ്ണ ടൗണിലെ വിവിധ ജങ്ഷനുകളിലും ഏറെസമയം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പെരിന്തല്‍മണ്ണ: താലൂക്ക് ആസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കലാ കായിക സാംസ്കാരിക സംഘടന ‘ഹോപ്’ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കാതെ രണ്ട് ദിവസത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഉച്ച ഒഴിവിലും വൈകീട്ട് ഓഫിസ് സമയം കഴിഞ്ഞുമാണ് പരിപാടികള്‍ നടത്തിയത്. പൂക്കളം, വടംവലി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന സമ്മേളനം സബ് കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. ഹോപ് പ്രസിഡന്‍റ് ശിവദാസ് പിലാപറമ്പില്‍ അധ്യക്ഷത വഹിച്ചു. കഥകളി സംഗീതജ്ഞന്‍ പാലനാട് ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. തഹസില്‍ദാര്‍ എന്‍.എം. മെഹറലി സമ്മാനദാനം നടത്തി. സബ് ട്രഷറി ഓഫിസര്‍ കെ. ജാഫര്‍, സെയില്‍ ടാക്സ് ഓഫിസര്‍ പി. മുസ്താഖ് അലി, ഹോപ് സെക്രട്ടറി വിജയകുമാര്‍, കൃഷ്ണന്‍ മങ്കട എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം കേന്ദ്രത്തില്‍ ദ്വിദിന ഓണാഘോഷം സംഘടിപ്പിച്ചു. കലാപരിപാടികള്‍ അരങ്ങേറി. ഡയറക്ടര്‍ പ്രഫ. ടി.എന്‍. സതീശന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു. ഓണസദ്യയും ഒരുക്കി. പൂപ്പലം: ജി.എല്‍.പി സ്കൂള്‍ അങ്കണവാടിയും കുമാരി ക്ളബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വാര്‍ഡംഗം ജൂലി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കമ്മിറ്റിയംഗം കുഞ്ഞയമു അധ്യക്ഷത വഹിച്ചു. ജസ്ന, മുജീബ്, യാസര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. വെട്ടത്തൂര്‍: പച്ചീരി എ.യു.പി സ്കൂളില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി.വി. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മുജീബ് മണ്ണാര്‍മല അധ്യക്ഷത വഹിച്ചു. കെ.ഐ. അബ്ദുല്ല, എം. സജയന്‍, വി.കെ. ബീന, ദിനേഷ് മണ്ണാര്‍മല, ഒ. ശ്രീധരന്‍, കെ.ടി. മജീദ്, ഉമ്മര്‍ കൂളത്ത്, പി. ഇന്ദിര, വൈശ്യര്‍ സെയ്താലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ പൂക്കള മത്സരം, കലാപരിപാടികള്‍ എന്നിവയും ഉണ്ടായി. മങ്കട: പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെച്ച് ബി.എഡ് വിദ്യാര്‍ഥികള്‍ മാതൃകയായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ബി.എഡ് വിദ്യാര്‍ഥികളാണ് ഓണാഘോഷത്തിന് പുതിയ മാതൃക കണിച്ചത്. ഈ ആവശ്യാര്‍ഥം കോളജില്‍ പൂക്കളമത്സരത്തിന് പകരം ഇത്തവണ പൂവ് കലക്ഷനാണ് നടത്തിയത്. പൂവ് വാങ്ങുന്നതിനുള്ള പണവും വിദ്യാര്‍ഥികളുടെ വകയായി സമാഹരിച്ച തുകയും ചേര്‍ത്ത് മങ്കടയിലെ നിര്‍ധനയായ സ്ത്രീക്കാണ് പെരുന്നാള്‍, ഓണസമ്മാനം നല്‍കിയത്. മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. രമണി ഉപഹാരം കൈമാറി. കോളജ് പ്രിന്‍സിപ്പല്‍ ഗോപാലന്‍ മങ്കടയുടെ നേതൃത്വത്തില്‍ കോളജ് യൂനിയന്‍ ഭാരവാഹികളായ സുജിന്‍, ഐശ്വര്യ, നജ്മുദ്ദീന്‍, ഇര്‍ഫാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം മാമ്പറ്റ ഉണ്ണി, ജലജ, ശിവദാസന്‍ കടന്നമണ്ണ എന്നിവര്‍ സംബന്ധിച്ചു. കീഴാറ്റൂര്‍: തന്‍െറ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണക്കിറ്റും ധനസഹായവും നല്‍കി അധ്യാപകന്‍െറ മാതൃക. മുള്ള്യാകുര്‍ശ്ശി എ.എം.എല്‍.പി സ്കൂള്‍ അധ്യാപകനും മേലാറ്റൂര്‍ സ്വദേശിയുമായ മുഹമ്മദ് അബ്ദുറഹ്മാനാണ് 100 കുട്ടികള്‍ക്ക് ഓണക്കിറ്റും ധനസഹായവും നല്‍കിയത്. എല്ലാ വര്‍ഷവും നടത്തിവരുന്ന മാതൃകാപ്രവര്‍ത്തനം ഇത്തവണ ഓണാഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മുനീറ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എ. രാജന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍. ഗീതാമ്മ, സ്കൂള്‍ മാനേജര്‍ അബ്ദുല്‍ അസീസ്, പി.ടി.എ ഭാരവാഹികളായ പി. ഹസൈനാര്‍, കെ.പി. അബ്ദുസ്സമദ്, അബ്ദുന്നാസര്‍, സി.ടി. സലീം തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാ-കായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.