നാടുകാണി ചുരത്തിലെ സ്പെഷല്‍ ടീം പ്രഖ്യാപനം വാക്കിലൊതുങ്ങി

നിലമ്പൂര്‍: കേരളവും തമിഴ്നാടും അതിര്‍ത്തി പങ്കിടുന്ന നാടുകാണി ചുരം മേഖലയിലെ വര്‍ധിച്ച മദ്യ ഉപയോഗം തടയുന്നതിന് വനം വകുപ്പ് പ്രഖ്യാപിച്ച സ്പെഷല്‍ ടീം രൂപവത്കരണം നടന്നില്ല. കേരളത്തിലെ ബാറുകള്‍ അടച്ചുപൂട്ടിയതോടെ തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന ചുരം മേഖലയില്‍ മദ്യപന്മാരുടെ ശല്യം വര്‍ധിക്കാനിടയായ സാഹചര്യത്തിലാണ് വനം വകുപ്പിന്‍െറ പ്രഖ്യാപനമുണ്ടായത്. മദ്യപസംഘം പാതക്കരികിലായി വനത്തില്‍ ഉപേക്ഷിക്കുന്ന പ്ളാസ്റ്റിക് വസ്തുകള്‍ വനത്തിന്‍െറയും കാട്ടുമൃഗങ്ങളുടെയും ആവാസവ്യവസ്ഥക്ക് ഭീഷണിയാണ്. വരുംനാളുകളില്‍ ഇത് കൂടുതല്‍ ഭീഷണിയാവുമെന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ്. അന്തര്‍സംസ്ഥാന പാത കടന്നുപോകുന്ന പാതയില്‍ സഞ്ചാരികള്‍ക്ക് മാലിന്യം തള്ളാന്‍ ചുരം മേഖലയില്‍ പലയിടങ്ങളിലായി വനം വകുപ്പ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. മാലിന്യശേഖരണപെട്ടികള്‍ പിന്നീട് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. ഇപ്പോള്‍ വനത്തിനകത്തേക്കാണ് സഞ്ചാരികള്‍ മാലിന്യം വലിച്ചെറിയുന്നത്. നീലഗിരി ജൈവമണ്ഡലത്തില്‍പ്പെട്ട നിലമ്പൂര്‍ നോര്‍ത് ഡിവിഷന്‍ വഴിക്കടവ് റെയ്ഞ്ച് വനമാണിത്. ഡിവിഷന് കീഴിലെ നിത്യഹരിത വനം ഉള്‍പ്പെട്ട മേഖല കൂടിയാണിത്. ചുരം തുടങ്ങുന്ന ആനമറിയില്‍നിന്ന് തമിഴ്നാട് അതിര്‍ത്തി വരെയുള്ള 11.5 കിലോമീറ്ററാണ് കേരളത്തിന്‍െറ ഭാഗം. ശേഷം ആറര കിലോമീറ്റര്‍ വരുന്ന വനഭാഗം തമിഴ്നാടിന്‍േറതാണ്. മദ്യം സേവിക്കാനായി മാത്രം ചുരം മേഖലയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഘങ്ങളത്തൊറുണ്ട്. മദ്യപാനികള്‍ ബൈക്ക് യാത്രികരായ കുടുംബങ്ങള്‍ക്ക് നേരെ അശ്ളീലചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് കമന്‍റ് അടിക്കാന്‍ തുടങ്ങിയത് പരാതിയായി വന്നതോടെ മുന്‍ കലക്ടര്‍ എം.സി. മോഹന്‍ദാസിന്‍െറ നിര്‍ദേശപ്രകാരം ഹൈവേ പൊലീസിന്‍െറ സേവനം ചുരം റോഡ് കൂടി ഉള്‍പ്പെടുത്തി അതിര്‍ത്തി വരെ നീട്ടിയിരുന്നു. മദ്യത്തില്‍ മുക്കിയ ഭക്ഷ്യസാധനങ്ങള്‍ ചുരം റോഡില്‍ കുരങ്ങന്‍മാര്‍ക്ക് നല്‍കി സംഘം വിനോദത്തിലേര്‍പ്പെടുന്നതും പതിവായിട്ടുണ്ട്. മദ്യലഹരിയില്‍ റോഡില്‍ വീഴുന്ന കുരങ്ങന്‍മാര്‍ വാഹനം കയറി ചാവുന്നതും ചുരത്തില്‍ പതിവാണ്. സ്പെഷല്‍ ടീം പ്രഖ്യാപനം കഴിഞ്ഞ് ഒമ്പത് മാസത്തിലധികമായിട്ടും നടപടിയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.