ലഹരി നുണയുന്ന ഭായിമാരെ കണ്ണുതുറപ്പിച്ച് പുലര്‍കാല ബോധവത്കരണം

മഞ്ചേരി: എല്ലുമുറിയെ പണിയെടുത്ത് നേടുന്ന പണത്തിലേറെയും ലഹരിക്കായി ചെലവിടുന്ന ഇതരസംസ്ഥാനങ്ങളിലെ ഭായിമാരെ ബോധവത്കരിക്കാന്‍ പുലര്‍കാലത്ത് വിദ്യാര്‍ഥികളുടെ ശ്രമം. മഞ്ചേരി പഴയ ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് രാവിലെ ആറ് മുതല്‍ തൊഴിലാളികള്‍ വിവിധ സ്ഥലങ്ങളിലേക്ക് പണിക്ക് പോവുന്നത്. ഈ സമയത്ത് മുന്നൂറോളം തൊഴിലാളികള്‍ ഇവിടെയത്തൊറുണ്ട്. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ഉറുദുവിലും ഹിന്ദിയിലും തയാറാക്കിയ ലഘുലേഖയും മുധരപലഹാരങ്ങളുമായി ഇവരെ പുലര്‍കാലത്ത് വരവേറ്റത്. ലഘുലേഖ വായിച്ചവര്‍ക്ക് ലഹരിയുടെ അപകടാവസ്ഥ ബോധ്യപ്പെടുകയും അത് സ്വീകാര്യമാവുകയും ചെയ്തതോടെ കൈയില്‍ കുട്ടികള്‍ ജിലേബി വെച്ചുകൊടുത്തു. ഇന്നലെ വരെ ലഭിക്കാത്ത പരിഗണനയും സ്വീകാര്യതയും ലഭിച്ച ഭായിമാര്‍ കുട്ടികളുടെ വാക്കിന് കാതോര്‍ത്തു. എന്‍.എസ്.എസ് വളന്‍റിയര്‍മാരായ വി.പി. ദേവരാജ്, ടി.പി. റിസ്വാന, ബി. ലക്ഷ്മി, എം. അഷ്മിയ, പി. ഷിബു, എം. രിസ്വ, കെ. റഫീന, എ.ടി. ഫഈസ, എന്‍. ജുംന, ഫര്‍സാന, റിസ്വാന, ഫാസില്‍, അശ്വിന്‍ തുടങ്ങി ഇരുപതോളം പേര്‍ ബോധവത്കരണത്തിന് നേതൃത്വം നല്‍കി. സ്വന്തം ഭാഷയില്‍ ബോധവത്കരണം ലഭിച്ചതോടെ സംഭവത്തിന്‍െറ ഗൗരവം ഇവര്‍ക്ക് ബോധ്യപ്പെട്ടു. പലരും ചവച്ചുകൊണ്ടിരുന്ന ഹാന്‍സും പാന്‍പരാഗും തുപ്പിക്കളഞ്ഞ് കുട്ടികളുടെ വാക്കിന് കാതോര്‍ത്തു. വൈകീട്ട് കിട്ടുന്ന പണവുമായി ബിവ്റേജസ് കോര്‍പറേഷന്‍െറ മദ്യക്കടക്ക് മുന്നില്‍ വരിനില്‍ക്കുന്നവരില്‍ വലിയൊരു ഭാഗം ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളാണ്. ഇങ്ങനെ ലഹരിയില്‍ മുങ്ങി നടന്നാല്‍ നാട്ടില്‍ കാത്തിരിക്കുന്ന ഭാര്യക്കും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകാന്‍ കഴിയുമോ എന്ന ചോദ്യവും ഇവരെ ഉലച്ചു. വല്ലാഞ്ചിറ ഹുസൈന്‍, പി. അബ്ദുല്‍ നാസര്‍, സ്കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ. കുഞ്ഞിമുഹമ്മദ്, മഞ്ചേരി മദീനാമസ്ജിദിലെ ഇമാം ബിഹാര്‍ സ്വദേശി നസറുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.