കാരാട്: ‘പൊന്ന് വിളഞ്ഞിരുന്ന’ പൊന്നേംപാടത്ത് ഇനിയും നെല്‍കതിര്‍ വിളയും. വാഴയൂര്‍ പൊന്നേംപാടത്തെ കൃഷിസംസ്കാരം തിരിച്ചു കൊണ്ടുവരാനൊരുങ്ങുകയാണ് ഒരു സംഘമാളുകള്‍. തരിശായി കിടക്കുന്ന 12 ഏക്കര്‍ വയലില്‍ ജൈവ നെല്‍കൃഷിയൊരുക്കാന്‍ മുന്നിട്ടിറിങ്ങുന്നത് ‘പൊന്‍വയല്‍’ നെല്‍കൃഷി സംഘമാണ്. നാല് പതിറ്റാണ്ടായി ഇവിടത്തെ വയലില്‍നിന്ന് നെല്‍കൃഷി അന്യമായിട്ട്. നോക്കത്തൊ ദൂരത്തോളം വയല്‍ മുഴുവന്‍ കളിമണ്‍ ഖനനം നടത്തിയതോടെ പലരും കൃഷി നിര്‍ത്തി. ബാക്കിയുണ്ടായിരുന്നവര്‍ വാഴകൃഷിയിലേക്ക് വഴിമാറി. മണ്ണെടുത്ത കുഴികള്‍ വെള്ളക്കെട്ടുകളായതോടെ കൃഷിയിറക്കാതായി. പ്രദേശത്തെ കര്‍ഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും ബിസിനസുകാരുമടങ്ങിയ 12 പേരുടെ സംഘമാണ് നെല്‍കൃഷിയുമായി മുന്നോട്ടുവന്നത്. 15 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമി മൂന്നു വര്‍ഷത്തേക്ക് സൗജന്യമായി കൃഷിക്ക് വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറായി. രണ്ടു മാസമായി നെല്‍കൃഷിക്കായി സ്ഥലം പരുവപ്പെടുത്തുകയായിരുന്നു സംഘം പ്രവര്‍ത്തകര്‍. മാലിന്യങ്ങള്‍ നീക്കി, കാടുവെട്ടി, കെട്ടിക്കിടന്ന വെള്ളം മോട്ടോറുപയോഗിച്ച് തിരിച്ചുവിട്ട് വയല്‍ നെല്‍കൃഷിക്കായി ഒരുക്കികഴിഞ്ഞു. പ്രദേശവാസികളുടെ നീക്കത്തിന് ഗ്രാമപഞ്ചായത്തും സഹായവുമായി മുന്നിലുണ്ട്. തരിശ് ഭൂമിയില്‍ നെല്‍കൃഷിയൊരുക്കുന്ന പഞ്ചായത്തിന്‍െറ പദ്ധതിയായി ഇതിനെ ഏറ്റെടുത്തിട്ടുണ്ട്. കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരുടെ സേവനത്തിന് പുറമെ സൗജന്യ നിരക്കില്‍ നടീല്‍ യന്ത്രവുമനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം സമീപത്തെ കൂടുതല്‍ തരിശ് ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ നീക്കമുണ്ട്. 40 വര്‍ഷമായി കൃഷിയിറക്കാതെ കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാന്‍ വന്‍തുക സംഘം പ്രവര്‍ത്തകര്‍ക്ക് ചെലവായിട്ടുണ്ട്. 3.75 ലക്ഷത്തോളം രൂപ ഇതിനകം ചെലവഴിച്ചതായി സംഘം പ്രവര്‍ത്തകനും വാഴയൂര്‍ ഗ്രാമപഞ്ചായത്തംഗവുമായ പി.കെ. ഉണ്ണിപ്പെരവന്‍ പറഞ്ഞു. നിലമൊരുക്കാന്‍ വലിയ തുക ചെലവഴിക്കേണ്ടിവന്നതിനാല്‍ ആദ്യ വര്‍ഷം ലാഭം പ്രതീക്ഷിക്കുന്നില്ല. പൂര്‍ണമായും ജൈവവള കൃഷിയാണ് ഇവിടെ ഒരുക്കുന്നത്. നെല്‍കൃഷിയുടെ ഞാറ് നടീല്‍ ഉദ്ഘാടനം ഒക്ടോബര്‍ എട്ടിന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. അഡ്വ. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ. സുന്ദരന്‍ (പ്രസി), ടി.പി. ഹരിദാസന്‍ (സെക്ര), കെ.സി. അനില്‍കുമാര്‍ (ട്രഷ), തുടങ്ങിയവരടങ്ങിയതാണ് പൊന്‍വയല്‍ നെല്‍കൃഷി സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.