ഫൈസല്‍ വധം: മുഖ്യ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞപ്പോള്‍ പിടികൂടാനുള്ളത് മുഖ്യപ്രതികള്‍. ഗൂഢാലോചന തെളിഞ്ഞതോടെ മുഖ്യപ്രതികളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരൂരിലെ നേതാവ് നിര്‍ദേശം നല്‍കിയത് പ്രകാരം ബൈക്കില്‍ എത്തിയ സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരനായ പള്ളിപ്പടിയിലെ ലിജു ആസൂത്രിതമായാണ് ഫൈസലിന്‍െറ താനൂര്‍ യാത്രാവിവരം ചോര്‍ത്തി കൊലയാളികള്‍ക്ക് കൈമാറിയത്. ഇതനുസരിച്ച് ബൈക്കില്‍ എത്തിയവരാണ് ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് ഫാറൂഖ് നഗറില്‍ വെച്ച് തടഞ്ഞുവെച്ച് കൊലനടത്തിയത്. പണക്കത്തായം റോഡിലെ ഹോട്ടല്‍ മതിലില്‍ ബലമായി ചാരിനിര്‍ത്തി മല്‍പ്പിടിത്തം നടത്തിയതും പിന്നീട് വെട്ടിക്കൊലപ്പെടുത്തിയതും കണ്ടവരെ പൊലീസ് അന്വേഷണത്തിലൂടെ കണ്ടത്തെിയിട്ടുണ്ട്. 20ന് റിയാദിലേക്ക് പോകുന്നതിന്‍െറ തലേന്നാണ് ഫൈസല്‍ വധിക്കപ്പെടുന്നത്. ഫൈസല്‍ ഗള്‍ഫില്‍ വെച്ച് ഇസ്ലാം സ്വീകരിച്ചതോടെ വീട്ടിലത്തെി ഭീഷണിപ്പെടുത്തിയും പിന്മാറ്റാന്‍ ശ്രമംനടത്തിയവരുമാണ് കൊലക്ക് ചരട് വലിച്ചത്. നാലുമാസം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലത്തെിയ ഫൈസലിനൊപ്പം ഭാര്യയും മൂന്ന് മക്കളും പൊന്നാനിയിലത്തെി മതം മാറി. ഇതോടെ സഹോദരി ഭര്‍ത്താവ് വിനോദ് മദ്യലഹരിയിലത്തെി കഴുത്തറുക്കുമെന്ന് ഭീഷണിമുഴക്കി. പിന്നീട് ഹിന്ദു സംഘടനയുടെ സഹായം തേടി. തന്‍െറ ഭാര്യയും മക്കളും മതം മാറുമെന്ന ഭീതിയാണത്രെ കൊലപ്പെടുത്താന്‍ ഹിന്ദു സംഘടനയുടെ സഹായം തേടാന്‍ കാരണം. വിനോദ് ബി.ജെ.പി പ്രവര്‍ത്തകനാണ്. ഒക്ടോബറില്‍ യോഗം ചേര്‍ന്നാണ് നേതാക്കളുടെ സഹായം തേടിയത്. ഇവര്‍ക്കൊപ്പം അവസാനം വരെ സഹായിച്ചയാളാണ് ഡ്രൈവിങ്സ്കൂള്‍ ഉടമ ലിജു. ഫൈസലിന്‍െറ മൂത്ത സഹോദരി സുബിത ഇവിടെയാണ് ഡ്രൈവിങ് പരിശീലിപ്പിക്കുന്നത്. ഇവരുമായുള്ള അടുപ്പം മുതലെടുത്താണ് കുടുംബത്തിലെ കാര്യങ്ങള്‍ ലിജു ചോര്‍ത്തിയതെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുള്ളവരെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതികളെ കണ്ടത്തൊന്‍ പൊലീസ് വലവിരിച്ചിട്ടുണ്ട്. അറസ്റ്റ് വിവരം പരന്നതോടെ സ്റ്റേഷന്‍ പരിസരത്ത് വന്‍ ജനാവലി തടിച്ചുകൂടി. കൊടിഞ്ഞിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി. ഡിവൈ.എസ്.പി പി.എം. പ്രദീപ്, സി.ഐമാരായ വി. ബാബുരാജന്‍, മുഹമ്മദ് ഹനീഫ, അലവി, എസ്.ഐമാരായ വിശ്വനാഥന്‍ കാരയില്‍, സുരേന്ദ്രന്‍, എ.എസ്.ഐ സത്യനാരായണന്‍, സ്പെഷല്‍ സ്ക്വാഡിലെ സത്യനാഥന്‍ മനാട്ട്, കെ. അബ്ദുല്‍ അസീസ്, രാജേഷ്, എം.എം. അബ്ദുല്‍ അസീസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.