നോട്ടു പ്രതിസന്ധി: എ.ടി.എമ്മുകള്‍ അടഞ്ഞുതന്നെ

മലപ്പുറം: ഏറെനാളുകളായി 24 മണിക്കൂറുമെന്ന പോലെ ഇടപാടുകാരുടെ കാല്‍പെരുമാറ്റമുണ്ടായിരുന്ന ജില്ലയിലെ എ.ടി.എമ്മുകള്‍ ഞായറാഴ്ച അനാഥമാക്കപ്പെട്ടു. രണ്ട് അവധി ദിനങ്ങളെ തുടര്‍ന്ന് പണം നിറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് എ.ടി.എമ്മുകളെ ജനം കൈയ്യൊഴിയാന്‍ കാരണമാക്കിയത്. തുടര്‍ച്ചയായി അവധി ദിനങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയാകാതെ നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നോട്ടുകള്‍ക്കുതന്നെ ക്ഷാമം നേരിടുന്ന സമയത്ത് എ.ടി.എമ്മുകളില്‍ എങ്ങനെ പണം നിറക്കുമെന്ന മറുചോദ്യമാണ് ബാങ്ക് മാനേജര്‍മാര്‍ ചോദിക്കുന്നത്. അതേസമയം, ഹര്‍ത്താല്‍ ദിനമായ തിങ്കളാഴ്ച നഗരങ്ങളിലടക്കം ഏതാനും എ.ടി.എമ്മുകളില്‍ പണം നിറക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. അഞ്ഞൂറിലധികം എ.ടി.എമ്മുകളാണ് ജില്ലയിലുള്ളത്. ബാങ്കുകള്‍ പ്രവര്‍ത്തിക്കും ഹര്‍ത്താല്‍ ദിനത്തില്‍ ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ജില്ല ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പ്രധാന തസ്തികയിലടക്കം ജീവനക്കാരെല്ലാം എല്ലാ ബ്രാഞ്ചുകളിലും ജോലിയിലുണ്ടാകും. വിവിധ ബാങ്കുകളുടേതായി 430 ശാഖകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധികൂടി കണക്കിലെടുത്ത് സാധാരണ ദിവസങ്ങളിലെ പോലെതന്നെ പ്രവര്‍ത്തിക്കണമെന്നാണ് ബന്ധപ്പെട്ട അധികൃതരെടുത്ത തീരുമാനം. ഇതിനായി ദൂരസ്ഥലങ്ങളിലുള്ള ജീവനക്കാര്‍ക്ക് ഞായറാഴ്ച രാത്രിതന്നെ ഓഫിസുകളുടെ അടുത്തോ മറ്റോ എത്തി തങ്ങാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്കൗണ്ടെടുപ്പിക്കല്‍ വ്യാപകം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വരെ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ജില്ല ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സജീവമായി. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് സംബന്ധിച്ച അന്തിമ അറിയിപ്പ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന് ശേഷമാണ് ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം പങ്കെടുപ്പിച്ചുള്ള ക്യാമ്പുകള്‍ അധികൃതര്‍ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശമുള്ള ഇതര സംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍ അക്കൗണ്ട് തുടങ്ങാനാകുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ജില്ല കലക്ടര്‍, ജില്ല ലേബര്‍ ഓഫിസര്‍, ഇ.എസ്.ഐ ഓഫിസര്‍, ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതത് തൊഴിലിടങ്ങളിലത്തെിയും തൊഴില്‍ ദാതാക്കള്‍ വഴിയും അക്കൗണ്ട് എടുപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ എസ്.ബി.ടി, എസ്.ബി.ഐ ബാങ്കുകളുടെ അക്കൗണ്ടുകള്‍ അക്ഷയ കേന്ദ്രം വഴിയും എടുക്കാം. അക്കൗണ്ടില്ലാത്ത സാധാരണ തൊഴിലാളികള്‍ പഴയ നോട്ട് മാറിയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍, അക്കൗണ്ടുള്ളവര്‍ക്ക് എളുപ്പത്തില്‍ പണം മാറ്റി നല്‍കാന്‍ ബാങ്കുകള്‍ തയാറായിരുന്നു. അതേസമയം, സ്ഥാപനങ്ങളുടെ പേരില്‍ കറന്‍റ് അക്കൗണ്ട് തുടങ്ങുന്നവര്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കേണ്ടി വരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.