അവധി ദിനവും ഹര്‍ത്താലും; എ.ടി.എമ്മുകള്‍ കാലിയാകും

മലപ്പുറം: ചില്ലറക്ഷാമം സൃഷ്ടിച്ച ദുരിതത്തിനിടക്ക് എ.ടി.എമ്മുകളും കാലിയാകും. വെള്ളിയാഴ്ചയാണ് ജില്ലയിലെ അഞ്ഞൂറിലധികം വരുന്ന എ.ടി.എമ്മുകളില്‍ അവസാനമായി പണം നിറച്ചത്. ശനിയും ഞായറും അവധിയും തിങ്കളാഴ്ച ഹര്‍ത്താലായതും കാരണം ഇവയില്‍ മിക്കതും കാലിയാകുമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന. ഹര്‍ത്താലായതിനാല്‍ തിങ്കളാഴ്ച ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാനിടയില്ല. അതുകൊണ്ടുതന്നെ അന്നും പണം നിറക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ ചൊവ്വാഴ്ചയും എ.ടി.എമ്മുകളില്‍ പണമുണ്ടാകില്ല. ബ്രാഞ്ചുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറുകളില്‍ പണം നിറക്കാനാകുമെങ്കിലും പുറംകരാര്‍ നല്‍കിയവ അടക്കമുള്ളവ കാലിയായി കിടക്കും. ഫലത്തില്‍ ചില്ലറദുരിതത്തിനൊപ്പം അത്യാവശ്യങ്ങള്‍ക്ക് പോലും പണം ലഭിക്കാതെ ജനം വീണ്ടും ബുദ്ധിമുട്ടും. വിവിധ ബാങ്കുകളുടേതായി 430 ബ്രാഞ്ചുകളാണ് ജില്ലയിലുള്ളത്. എന്നാല്‍, ഇവയിലെല്ലാം തിങ്കളാഴ്ച പണം നിറക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ബാങ്ക് അധികൃതര്‍ക്കുതന്നെ സംശയമുണ്ട്. പുതിയതാണെങ്കില്‍ നൂറ് നോട്ടുകളടങ്ങിയ 25 കെട്ടുകളാണ് എ.ടി.എമ്മിലെ ഒരു ബിന്നില്‍ വെക്കുക. 100, 500, 2000 നോട്ടുകളടങ്ങിയ നാല് ബിന്നുകളാണ് ഒരു മെഷീനില്‍ ഉണ്ടാകുക. എന്നാല്‍, പഴയ നോട്ടുകളാണെങ്കില്‍ 25 കെട്ടുകള്‍ എന്നത് 20 ആകും. ജില്ലയില്‍ വ്യാപകമായി പഴയ നോട്ടുകള്‍ എത്തിയതിനാല്‍ ഇവയില്‍ കൊള്ളാവുന്നവ എടുത്ത് ചില ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവയില്‍ വേഗത്തില്‍ പണം തീര്‍ന്നേക്കാം. അതേസമയം, ശനിയാഴ്ച വൈകീട്ടോടെ പല എ.ടി.എമ്മുകളിലും പണം തീര്‍ന്നതായി ഇടപാടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.