തദ്ദേശ സ്ഥാപനങ്ങളിലെ സാമൂഹിക ഓഡിറ്റിങ്ങിന് തുടക്കം

പൂക്കോട്ടുംപാടം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തുന്ന സാമൂഹിക ഓഡിറ്റിങ്ങിന് ജില്ലയില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ അമരമ്പലം, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലും തിരൂര്‍ നഗരസഭയിലും തെരഞ്ഞെടുത്ത വാര്‍ഡുകളിലാണ് ഓഡിറ്റിങ് നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ വിവിധ പദ്ധതികളും പരിപാടികളും ലക്ഷ്യം കൈവരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അപാകതകള്‍ കണ്ടത്തെുന്നതിനോടൊപ്പം മെച്ചപ്പെടുത്തുന്നതിനുള്ള പോംവഴിയും ആരായുന്നുണ്ട്. പ്രത്യേക ഗ്രാമസഭകളില്‍ ജനപങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ വിലയിരുത്തുക. അഞ്ച് അംഗ സംഘങ്ങളെയാണ് ഓഡിറ്റിങ്ങിനായി ഓരോ വാര്‍ഡിലേക്കും തെരഞ്ഞെടുത്തത്. മൂന്ന് വനിതകളും പട്ടികജാതി, പട്ടികവര്‍ഗം, ജനറല്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് ഒരാള്‍ വീതവുമാണ് അംഗങ്ങള്‍. ഇവര്‍ ഗ്രാമപഞ്ചായത്തിലെ ഏതെങ്കിലും കമ്മിറ്റികളില്‍ അംഗത്വമുള്ളവരോ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധമുള്ളവരോ ആകരുത്. സമിതിക്ക് പ്രത്യേകം അധ്യക്ഷനും സെക്രട്ടറിയുമുണ്ട്. പ്ളസ് ടു വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും പ്രാദേശികമായി ബഹുമാന്യരും വിശ്വാസ്യതയും സ്വീകാര്യതയും ഉള്ളവരുമാകണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഇവര്‍ക്ക് തൃശൂര്‍ കിലയില്‍ മൂന്ന് ദിവസത്തെ പരിശീലനവും നല്‍കി. അമരമ്പലം ഗ്രാമപഞ്ചായത്തില്‍ ഏഴ്, എട്ട്, 19 വാര്‍ഡുകളിലാണ് ഓഡിറ്റിങ് നടത്തുന്നത്. വനിത ഗ്രാമപഞ്ചായത്ത് അംഗമായിട്ടുള്ളത്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ളത്, പിന്നാക്ക വാര്‍ഡ് എന്നിങ്ങനെയാണ് വാര്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ മാനദണ്ഡം നിശ്ചയിച്ചത്. ഓരോ വാര്‍ഡിലും രണ്ട് അംഗന്‍വാടികളുടെ പ്രവര്‍ത്തനവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ രണ്ട് പ്രവൃത്തികളുമാണ് ആദ്യഘട്ടത്തില്‍ വിലയിരുത്തുന്നത്. അംഗന്‍വാടികളില്‍ കെട്ടിടം ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങളും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് നടപ്പാക്കുന്ന സേവന പ്രവര്‍ത്തനങ്ങളുമാണ് വിലയിരുത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ മുഴുവന്‍ പണിയും പൂര്‍ത്തിയായി തൊഴിലാളികള്‍ക്ക് വേതനം വരെ നല്‍കിയ ഒരു പ്രവൃത്തിയും നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രവൃത്തിയുമാണ് പരിശോധിക്കുന്നത്. 10 ദിവസം കൊണ്ട് വിവരശേഖരണം പൂര്‍ത്തിയാക്കും. ശേഷം പ്രത്യേക ഗ്രാമസഭ വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് തദ്ദേശമിത്രം ജില്ല കോഓഡിനേറ്റര്‍ ഇ. വിനോദ് കുമാര്‍ അറിയിച്ചു. പദ്ധതി വിജയമെന്ന് കണ്ടാല്‍ പിന്നീട് പതിവ് ഗ്രാമസഭകളിലും ഓഡിറ്റിങ് നടത്താന്‍ അനുവാദമുണ്ടെന്നും ഇതിനായി എല്ലാ വാര്‍ഡുകളിലും സാമൂഹിക ഓഡിറ്റിങ് കമ്മിറ്റി രൂപവത്കരിക്കുമെന്നും അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുജാത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.