മലപ്പുറത്തിന് നന്ദി; മാറ്റം പദ്ധതികളുടെ പാതിവഴിയില്‍ –എ. ഷൈനമോള്‍

മലപ്പുറം: മൂന്നുമാസത്തിനകം ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ശ്രദ്ധേയമായ ചില പദ്ധതികള്‍ക്ക് തുടക്കമിടാനായത് നേട്ടമാണെന്നും കലക്ടര്‍ എ. ഷൈനമോള്‍. കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടറായി സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ഥലംമാറ്റത്തിന് പിന്നില്‍ പ്രത്യേക കാരണമുള്ളതായി അറിയില്ല. സര്‍ക്കാര്‍ തീരുമാനിക്കുന്ന ഏതിടത്തും ജോലി ചെയ്യാന്‍ സന്നദ്ധമാണ്. അത് ആത്മാര്‍ഥതയോടെ ചെയ്യുകയാണ് പതിവ്. വരള്‍ച്ചയുടെ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ചെയ്യാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. കൊല്ലത്ത് ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടി മലപ്പുറത്തും തുടര്‍ന്നു. പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും ഇത് വലിയ വിജയമായി. പരാതികളില്‍ മേലുള്ള നടപടി ഓണ്‍ലൈനായി അറിയാന്‍ സോഫ്റ്റ്വെയര്‍ തുടങ്ങി. സിവില്‍സ്റ്റേഷന്‍ വളപ്പിനെ ഒറ്റ യൂനിറ്റാക്കാനും പൊതുവഴി അവസാനിപ്പിക്കാനുമുള്ള നടപടിക്ക് തുടക്കമിട്ടു. കോടതി വളപ്പിന് പിറകിലൂടെ റോഡ് നിര്‍മാണവും സിവില്‍ സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ മാറ്റാനുള്ള നടപടിയും തുടങ്ങി. കലക്ടറേറ്റ് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും വാഹനങ്ങള്‍ക്ക് സ്റ്റിക്കറും നിര്‍ബന്ധമാക്കി. ‘അടുത്ത മഴ എന്‍െറ കിണറ്റിലേക്ക്’ പേരില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതിക്ക് തുടക്കമിടാനായെന്നും ഷൈനമോള്‍ പറഞ്ഞു. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ നല്ല പിന്തുണയാണ് ഇതിന് നല്‍കിയത്. മുഴുവന്‍ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. പദ്ധതികളുടെ പാതിവഴിയിലാണ് മാറ്റമെങ്കിലും തുടര്‍ന്നുവരുന്നവര്‍ ഇത് മുഴുമിപ്പിക്കുമെന്നും ഷൈനമോള്‍ പറഞ്ഞു. ആഗസ്റ്റ് 17നാണ് മലപ്പുറം ജില്ല കലക്ടറായി എ. ഷൈനമോള്‍ ചുമതലയേറ്റത്. അമിത് മീണ ഐ.എ.എസാണ് പുതിയ മലപ്പുറം കലക്ടര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.