കാരക്കോടന്‍ പുഴ സംരക്ഷിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു

നിലമ്പൂര്‍: ചാലിയാര്‍ പുഴയുടെ പ്രധാന പോഷകനദികളിലൊന്നായ കാരക്കോടന്‍ പുഴയെ സംരക്ഷിക്കാനും മാലിന്യമുക്തമാക്കാനും ഒരു കൂട്ടം നാട്ടുകാര്‍ കൈകോര്‍ക്കുന്നു. കേരള-തമിഴ്നാട് വനത്തിലൂടെ ഒഴുകി പുന്നപ്പുഴയില്‍ സംഗമിക്കുന്ന കാരക്കോടന്‍ പുഴയില്‍ കൈയേറ്റവും മാലിന്യനിക്ഷേപവും വര്‍ധിച്ചതോടെയാണ് പുഴസംരക്ഷണത്തിന് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വഴിക്കടവ് ടൗണിനോട് ഓരം ചേര്‍ന്ന് ഒഴുകുന്ന പുഴയിലേക്ക് വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് മാലിന്യം തള്ളുകയാണ്. പുഴയുടെ മിക്ക ഭാഗങ്ങളിലും കൈയേറ്റമുണ്ട്. നന്നേ വീതിയില്‍ ഒഴുകിയിരുന്ന പുഴ ഇപ്പോള്‍ തോടിനെക്കാള്‍ ശുഷ്കിച്ചിരിക്കുകയാണ്. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ആശ്രയിക്കുന്ന പുഴയുടെ നിലനില്‍പ് ഏറെ ഭീഷണിയിലായ സാഹചര്യത്തിലാണ് കെട്ടുങ്ങല്‍ പ്രദേശവാസികള്‍ കാരക്കോടന്‍ പുഴ സംരക്ഷണ കമ്മിറ്റിക്ക് വെള്ളിയാഴ്ച രൂപം നല്‍കിയത്. സി.കെ. ഉണ്ണിക്കമ്മു ചെയര്‍മാനും പി.പി. ഹംസ മാസ്റ്റര്‍ കണ്‍വീനറുമായി 45 അംഗങ്ങളുള്ളതാണ് കമ്മിറ്റി. തിങ്കളാഴ്ച വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത് സംരക്ഷണ കമ്മിറ്റിയുടെ പ്രവര്‍ത്തനം വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. പുഴയുടെ സംരക്ഷണത്തിന് ഗ്രാമപഞ്ചായത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ട്. പുഴയുടെ കൈയേറ്റം തടയുക, നിലവിലെ കൈയേറ്റം അധികൃതരുടെ സഹായത്തോടെ ഒഴിപ്പിക്കുക, പുഴ മലിനീകരണം തടയുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വഴിക്കടവ് ഇക്കോ ടൂറിസത്തിന്‍െറ ഭാഗമായി കാരക്കോടന്‍ പുഴക്ക് കുറുകെ കെട്ടുങ്ങലില്‍ നിര്‍മിച്ച വി.സി.ബി കംബ്രിഡ്ജിന് സമീപം ആഴക്കെട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കുകയാണ് പുഴ സംരക്ഷണ കമ്മിറ്റിയുടെ ആദ്യ ചുവടുവെപ്പ്. വി.സി.ബി കംബ്രിഡ്ജ് ഉപയോഗിച്ച് ഇവിടെ തടഞ്ഞുനിര്‍ത്തിയ വെള്ളം കര്‍ഷകര്‍ക്ക് ജലസേചനത്തിനായി ഒരാഴ്ചയോളം നിലനിര്‍ത്തിയ ശേഷം പിന്നീട് ഷട്ടര്‍ നീക്കി ജലവിതാനം കുറച്ച് ശേഷം ചെളി ഒഴിവാക്കാനാണ് തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.