ജില്ലയില്‍ അശാന്തി വിതക്കാന്‍ വീണ്ടും കൊലപാതകം

മലപ്പുറം: ജില്ലയുടെ സമാധാനാന്തരീക്ഷത്തിന് ഭീഷണി സൃഷ്ടിച്ച് വീണ്ടും കൊലപാതകം. തിരൂരങ്ങാടി കൊടിഞ്ഞിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഫൈസല്‍ (30) കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. 1998ല്‍ മതം മാറിയ തിരൂരിലെ ആറുപ്പാറക്കല്‍ യാസറിനെ (39) കൊലപ്പെടുത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ട് നാല് മാസമാകുമ്പോഴാണ് സമാന സ്വഭാവത്തിലുള്ള കൊലപാതകം വീണ്ടും നടന്നത്. തിരൂരങ്ങാടിയിലെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഫൈസലിന് സംഘ്പരിവാറില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി വിവരം ലഭിച്ചതിനാല്‍ ഈ ദിശയിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. കുടുംബം ഇസ്ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് ചില കോണുകളില്‍നിന്ന് ഭീഷണി നേരിടുന്നതായി ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഗള്‍ഫിലേക്ക് തിരിച്ചുപോകുമ്പോള്‍ കുടുംബത്തിന്‍െറ സുരക്ഷയിലുള്ള ആശങ്കയും പങ്കുവെച്ചിരുന്നു. സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സമീപത്തെ ഷോപ്പില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് പ്രതികളെക്കുറിച്ച് ചില സൂചന ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. കുടുംബസമേതം ഇസ്ലാം സ്വീകരിച്ച തിരൂരിലെ യാസര്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലും കൊല്ലപ്പെട്ട യാസറിന്‍െറ ഭാര്യ തിരൂര്‍ പൊന്മുണ്ടം സുമയ്യ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയും പരിഗണിച്ച ഹൈകോടതി പ്രതികളെ പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജൂലൈ 20ന് വെറുതെ വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.