വഴിക്കടവില്‍ ടൂറിസത്തിന്‍െറ ഭാഗമായുള്ള ജലാശയത്തിന്‍െറ ആഴക്കെട്ട് വര്‍ധിപ്പിക്കും

നിലമ്പൂര്‍: വരാനിരിക്കുന്ന കടുത്ത വരള്‍ച്ച അതിജീവിക്കാന്‍ വഴിക്കടവ് ഇക്കോ ടൂറിസത്തിന്‍െറ ഭാഗമായി കെട്ടുങ്ങലില്‍ കാരക്കോടന്‍ പുഴയുടെ ആഴക്കെട്ട് വര്‍ധിപ്പിക്കാന്‍ തീരുമാനം. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തത്വത്തില്‍ ഇതിന് അംഗീകാരമായി. ഇക്കോ ടൂറിസം വികസനത്തിന്‍െറ ഭാഗമായി കാരക്കോടന്‍ പുഴക്ക് കുറുകെ 1.77 കോടി രൂപ ചെലവില്‍ വി.സി.ബി കം ബ്രിഡ്ജ് നിര്‍മിച്ചിരുന്നു. നബാര്‍ഡിന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. ബ്രിഡ്ജ് ഉപയോഗിച്ച് കൃഷിക്ക് ജലസേചനത്തിനായി ഇവിടെ വെള്ളം കെട്ടിനിര്‍ത്തിയിരുന്നെങ്കിലും ആഴക്കെട്ട് കുറവായതിനാല്‍ മതിയായ ജലസംഭരണം സാധ്യമായിരുന്നില്ല. നിറഞ്ഞുകിടക്കുന്ന ചളി കോരി ഒഴിവാക്കി ജലാശയത്തിന്‍െറ വ്യാസം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ സമീപ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനും സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ജനകീയ പങ്കാളിത്തത്തോടെ ചളി കോരി ഒഴിവാക്കും. ആഴക്കെട്ടില്‍നിന്ന് നീക്കംചെയ്യുന്ന മണ്ണ് സമീപത്തെ റോഡുകളില്‍ നിറച്ച് യാത്രയോഗ്യമാക്കുന്നതും പദ്ധതി ലക്ഷ്യംവെക്കുന്നുണ്ട്. 2008ലാണ് വഴിക്കടവ് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കാരക്കോടന്‍ പുഴക്ക് കുറുകെ കെട്ടുങ്ങലില്‍ ഒന്നാംഘട്ടമായി വി.സി.ബി കം ബ്രിഡ്ജ് നിര്‍മിച്ചത്. മൈസൂരു, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകള്‍ക്ക് ഇടത്താവളമെന്ന നിലയില്‍ വഴിക്കടവിലെ ടൂറിസം വികസിപ്പിക്കുന്നതിന് കാരക്കോടന്‍ പുഴയിലെ ജലസമൃദ്ധി ഉപയോഗിച്ച് ടൂറിസം വികസനമാണ് പദ്ധതി ലക്ഷ്യമിട്ടത്. വി.സി.ബി കം ബ്രിഡ്ജ് നിര്‍മിച്ച് കെട്ടിനിര്‍ത്തുന്ന ജലാശയത്തില്‍ ബോട്ട് സര്‍വിസ്, പദ്ധതി പ്രദേശത്തുള്ള പൊതുമരാമത്ത് വക ഭൂമിയില്‍ സഞ്ചാരികള്‍ക്ക് യാത്രി നിവാസ്, ടോയ്ലറ്റ്, ആദിവാസി വനസംരക്ഷണ സമിതികളുടെ വനവിഭവ വിപണന കേന്ദ്രം, ദീര്‍ഘദൂര സഞ്ചാരികള്‍ക്ക് ഇരിപ്പിടം തുടങ്ങിയവയായിരുന്നു രണ്ടാംഘട്ട പ്രവൃത്തി. സി.എന്‍.ജി റോഡിനോട് ചേര്‍ന്നുള്ള പൊതുമരാമത്തിന്‍െറ 28.5 സെന്‍റ് സ്ഥലത്ത് യാത്രി നിവാസ് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഭൂമി വിട്ടുകിട്ടുന്നത് നീണ്ടതോടെ ടൂറിസത്തിന്‍െറ രണ്ടാംഘട്ടം മുടങ്ങിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.