നോട്ട്കെട്ടില്‍ കുടുങ്ങി നിര്‍മാണമേഖല

കൊണ്ടോട്ടി: വലിയ കറന്‍സികള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് ജില്ലയിലെ നിര്‍മാണമേഖലയും. പുതിയ പരിഷ്കരണം നടപ്പാക്കി ഒരാഴ്ച പിന്നിട്ടിട്ടും ആവശ്യത്തിന് പണം എത്താത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ വന്‍കിട നിര്‍മാണങ്ങള്‍ക്കൊപ്പം വീടുപണിയെ അടക്കം പ്രതിസന്ധി പിടികൂടിയിട്ടുണ്ട്. സാധാരണ രീതിയില്‍ മഴക്കാലത്തിന് ശേഷം നിര്‍മാണ മേഖല സജീവമാകുന്ന സമയമാണിപ്പോള്‍. മാര്‍ച്ചിനെ അപേക്ഷിച്ച് പ്രവൃത്തിക്കാവശ്യമായ വെള്ളം അടക്കം ലഭിക്കുന്ന തിരക്കേറിയ ഈ സമയത്താണ് കറന്‍സിക്ഷാമം. വീടിന്‍െറ അടക്കം നിര്‍മാണത്തിനായി നേരത്തെ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ച തുക മാറികിട്ടാന്‍ വൈകുന്നതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ചിലര്‍ നിശ്ചയിച്ചിരുന്ന വീടുതാമസം അടക്കം മാറ്റേണ്ടി വന്നിട്ടുണ്ട്. കൂടാതെ, ഇതര സംസ്ഥാന തൊഴിലാളികളെ ലഭിക്കാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങി. പണം മാറാന്‍ ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് എടുക്കാനാണ് ഇവര്‍ മടങ്ങിയത്. ഇവിടെ ഉള്ളവരില്‍ തന്നെ ഭൂരിഭാഗവും നോട്ടുകള്‍ മാറികിട്ടാനായി ബാങ്കുകള്‍ക്ക് മുന്നില്‍ വരിയിലുമാണ്. ഹോട്ടലുകളില്‍ നിന്നടക്കം 500 രൂപ മാറിലഭിക്കാത്തതിനാല്‍ ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാണ്. കൂലി നല്‍കുന്നതിനായി പുതിയ നോട്ടുകള്‍ ആവശ്യത്തിന് ഇല്ലാത്തതും പ്രയാസപ്പെടുത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.