നോട്ടിലുടക്കി സാധാരണക്കാരന്‍െറ ജീവിതം: നിത്യവൃത്തിക്ക് പ്രതിസന്ധി

മഞ്ചേരി: 500, 1,000 രൂപയുടെ നോട്ടുകള്‍ മരവിച്ചതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ വഴിമുട്ടിയത് സാധാരണക്കാരന്‍െറ ജീവിതം. നോട്ട് മാറിക്കിട്ടാന്‍ ബാങ്കുകള്‍ക്ക് മുന്നിലും തപാല്‍ ഓഫിസിന് മുന്നിലുമുള്ള വരികള്‍ക്ക് നീളം കൂടുകയാണ്. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന് സമീപം ഫെഡറല്‍ ബാങ്കിന് മുന്നില്‍ വരി റോഡിലേക്ക് നീണ്ടു. ഒന്നാം നിലയില്‍ പ്രവൃത്തിക്കുന്ന ബാങ്കിനു ചുവട്ടിലുള്ള എ.ടി.എമ്മില്‍നിന്ന് പണമെടുക്കാനുള്ളവരുടെ വരിയും ബാങ്കിലേക്കുള്ളവരുടെ വരിയും നിരത്തിലേക്ക് നീണ്ടു. രാവിലെ മുതല്‍ സ്ത്രീകളും വയോധികരും വരിയില്‍നിന്നു. അതിനിടെ പുതിയ നോട്ട് വിതരണം ചെയ്ത് തീര്‍ന്നതോടെ പലരും നിരാശരായി. കൈയിലുള്ള പണം എഫ്.എം.എസ് ആയി അക്കൗണ്ടിലിടാനാണ് പലരും വന്നത്. 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ച് പിന്നീട് 100 രൂപ നോട്ടുകളായി എ.ടി.എം വഴി പിന്‍വലിക്കുകയാണ്. ചെക്ക് എഴുതിനല്‍കി പണം പിന്‍വലിക്കുന്നത് താരതമ്യേന കുറഞ്ഞു. അതേസമയം, പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് മിക്കയിടത്തും നിലച്ചു. ആവശ്യത്തിലേറെ പണം കൈവശം സൂക്ഷിച്ചവരും ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവരുമാണ് ഏറെ വലഞ്ഞത്. മഞ്ചേരി കച്ചേരിപ്പടിയില്‍ തപാല്‍ ഓഫിസിനു സമീപം ഫോറം പൂരിപ്പിച്ച് നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പണം മാറാനത്തെിയവരെ സഹായിച്ചു. ഫെഡറല്‍ ബാങ്കിനുമുന്നില്‍ വരിനിന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാരങ്ങ വെള്ളം വിതരണം ചെയ്തു. മലപ്പുറം റോഡില്‍ എസ്.ബി.ടിയിലും വലിയ തിരക്കായിരുന്നു. നോട്ടുമാറ്റത്തില്‍ പ്രതിഷേധം മലപ്പുറം: 500, 1,000 നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി മലപ്പുറം എസ്.ബി.ടി ശാഖക്ക് മുന്നില്‍ കൂട്ട ധര്‍ണ നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് മിര്‍ഷാദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. സി. ഇല്യാസ്, വഹാബ്, സാഹിര്‍ എന്നിവര്‍ സംസാരിച്ചു. ശരത് സ്വാഗതവും സനല്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ച എസ്.ബി.ടിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ഹെല്‍പ്ഡെസ്ക് ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുടിവെള്ള വിതരണം മലപ്പുറം: കിഴക്കേതല എസ്.ബി.ഐ ബാങ്കിനു മുന്നില്‍ രാവിലെ മുതല്‍ പണം മാറ്റുന്നതിനായി വരി നിന്നവര്‍ക്ക് കിഴക്കേതല യൂത്ത്സ് ക്ളബ് പ്രവര്‍ത്തകര്‍ ഹോട്ടല്‍ എയര്‍ലൈന്‍സിന്‍െറ സഹകരണത്തോടെ കുടിവെള്ളം വിതരണം ചെയ്തു. ഐ.ഡി.ബി.ഐ, കോട്ടപ്പടി എസ്.ബി.ടി ശാഖകള്‍ക്ക് മുന്നിലും ക്ളബ് അംഗങ്ങള്‍ കുടിവെള്ളം വിതരണം ചെയ്തു. ഉപ്പൂടന്‍ ഷൗകത്ത്, സാഹിര്‍ പന്തക്കലകത്ത്, മുസ്തഫ പള്ളിത്തൊടി, കുഞ്ഞിമൊയ്തീന്‍, ഗഫൂര്‍ എയര്‍ലൈന്‍സ്, സലീം ചിറക്കല്‍, റിയാസ് ഒളകര, ഗഫൂര്‍ അപ്പക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.