ഫണ്ട് അനുവദിച്ചതില്‍ വിവേചനം കാണിച്ചെന്ന്; വാഴക്കാട്ട് ഗ്രാമസഭയില്‍ കൈയാങ്കളി

വാഴക്കാട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതില്‍ പക്ഷപാതിത്വം നടത്തിയെന്നാരോപിച്ച് ഗ്രാമസഭയില്‍ വാക്കേറ്റവും കൈയേറ്റവും നടന്നു. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആക്കോട് ഗ്രാമസഭയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കോണ്‍ഗ്രസ്-സി.പി.എം മുന്നണി ഭരണം നടത്തുന്ന ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ മതിയായ പരിഗണന നല്‍കിയില്ളെന്ന പരാതിയാണ് ആക്കോട് ഗ്രാമസഭയിലും തര്‍ക്കത്തിന് കാരണമായത്. ഒന്നാം വാര്‍ഡിന് ആറ് ലക്ഷം നല്‍കിയപ്പോള്‍ ഭരണപക്ഷ അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയെന്ന് ഒരു വിഭാഗം വാദിച്ചു. ആക്കോട്ടെ പഴക്കംചെന്ന അംഗന്‍വാടി, ഗവ. എല്‍.പി സ്കൂള്‍ എന്നിവക്ക് ഇത്തവണ ഫണ്ട് അനുവദിച്ചില്ളെന്നും യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. എന്നാല്‍, ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍ക്ക് പൊതുവായി ആറു ലക്ഷം രൂപ വീതമാണ് വകകൊള്ളിച്ചതെന്നും എസ്.സി റോഡുകള്‍ക്ക് എല്ലായിടത്തും അധിക തുക അനുവദിച്ചുവെന്നും പ്രസിഡന്‍റ് ഹാജറ ടീച്ചര്‍ പറഞ്ഞു. ഗ്രാമസഭയില്‍ ചിലര്‍ കരുതിക്കൂട്ടി കുഴപ്പം സൃഷ്ടിക്കുകയായിരുന്നെന്നും തന്‍െറ വാര്‍ഡിലെ അംഗന്‍വാടി, ഗവ. എല്‍.പി സ്കൂള്‍ എന്നിവക്ക് മതിയായ പരിഗണന ലഭിക്കണമെന്ന ആവശ്യം പ്രസിഡന്‍റിന്‍െറ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ചെയ്തതെന്നും യോഗാധ്യക്ഷത വഹിച്ച ഒന്നാം വാര്‍ഡ് അംഗം സുഹറാബി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.