നിലമ്പൂര്‍ ബൈപാസ് ; ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 13.18 കോടി രൂപ വിതരണം ചെയ്തു

നിലമ്പൂര്‍: ബൈപാസ് റോഡിന് ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള സര്‍ക്കാറിന്‍െറ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. ആദ്യഘട്ട പ്രവൃത്തിക്ക് ഭൂമി നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരമാണ് ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ഫയല്‍ മുഖേന വെള്ളിയാഴ്ച നിക്ഷേപിച്ചത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഭൂമിയാണ് ഒന്നാംഘട്ടത്തിനായി ഏറ്റെടുത്തിട്ടുള്ളത്. 45 കൈവശക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 27 പേരുടേത് നിലവും 18 പേരുടേത് പുരയിട ഭൂമിയുമാണ്. 13,18,28,238 രൂപയാണ് ഭുവുടമകള്‍ക്ക് ട്രഷറി മുഖേന നല്‍കുന്നത്. 2013 ലെ കേന്ദ്ര എന്‍.എ ആക്ടും 2015 ജൂലൈയില്‍ നിലവില്‍ വന്ന കേരള സംസ്ഥാന റൂള്‍ പ്രകാരവുമാണ് വിലനിര്‍ണയം നടത്തിയത്. പുരയിട വിഭാഗത്തില്‍ നാലും നില വിഭാഗത്തില്‍ മൂന്നും കാറ്റഗറിയായി തിരിച്ചാണ് വില നിര്‍ണയിച്ചത്. പുരയിട വിഭാഗത്തിന് യഥാക്രമം 2,49,260, 2,06,087, 1,14,722, 95,266 എന്നീ തോതിലും നിലം വിഭാഗത്തിന് യഥാക്രമം 97,757, 63,103, 51,958 എന്നിങ്ങനെയുമാണ് വില കണക്കാക്കിയത്. ഭൂമി നോട്ടിഫിക്കേഷന്‍ ചെയ്തതുമുതല്‍ 12 ശതമാനം പലിശ ചേര്‍ത്താണ് തുക കണക്കാക്കിയത്. തുടര്‍ന്നുള്ള ബ്ളോക്കുകളുടെ തുക വിതരണം സര്‍ക്കാറില്‍ നിന്നുള്ള ഫണ്ട് ലഭ്യത അനുസരിച്ച് വിതരണം ചെയ്യും. 100 കോടി രൂപ ബൈപാസിനായി സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കോഴിക്കോട്-നിലമ്പൂര്‍-ഗുഡല്ലൂര്‍ പാതയില്‍ നിലമ്പൂര്‍ ജ്യോതിപടി ഒ.സി.കെ ഓഡിറ്റോറിയത്തിന് മുന്നില്‍ തിരിയുന്ന ബൈപാസ് റോഡ് വെളിയംതോടില്‍ വീണ്ടും കെ.എന്‍.ജി റോഡില്‍ പ്രവേശിക്കുന്ന തരത്തിലാണ് ബൈപാസ്. 30 മീറ്റര്‍ വീതിയില്‍ കടന്നുപോവുന്ന ബൈപാസ് റോഡിന് 6.2 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുണ്ടാവുക. ഏഴ് വര്‍ക്ക് ബ്ളോക്കുകളായി തിരിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഒന്നാംഘട്ട പ്രവൃത്തി പുരോഗമിച്ചു വരികയാണ്. 287 കൈവശക്കാരാണ് ബൈപാസ് റോഡ് കടന്നുപോവുന്ന ഭൂമിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.