ചില്ലറതേടി പെരുംപാച്ചില്‍

മലപ്പുറം: നോട്ട് അസാധുവാക്കലിന്‍െറ മൂന്നാം നാളും ജനത്തിന്‍െറ ദുരിതത്തിന് ഒട്ടും കുറവുണ്ടായില്ല. പഴയ നോട്ടുകള്‍ മാറ്റികിട്ടാന്‍ പൊതുമേഖല ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും മുന്നില്‍ നീണ്ട വരി വെള്ളിയാഴ്ചയും തുടര്‍ന്നു. രണ്ടുദിവസത്തെ അടവിനുശേഷം വെള്ളിയാഴ്ച എ.ടി.എമ്മുകള്‍ തുറക്കുമെന്ന പ്രഖ്യാപനം പാഴായതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. സാങ്കേതിക തകരാറാണ് കാരണം. പണം പിന്‍വലിക്കാന്‍ എ.ടി.എമ്മുകളില്‍ എത്തിയ നൂറുകണക്കിനാളുകളാണ് നിരാശരായി മടങ്ങിയത്. പണം നിക്ഷേപിച്ച വളരെ അപൂര്‍വം എ.ടി.എമ്മുകള്‍ മണിക്കൂറുകള്‍ക്കകം കാലിയായി. ഓരോ നാലുമണിക്കൂറും പണം നിറക്കണമെന്ന് ആര്‍.ബി.ഐ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. ജീവനക്കാരുടെ കുറവാണ് കാരണമായി ബാങ്ക് അധികൃതര്‍ പറയുന്നത്. അതേസമയം, കിട്ടിയ രണ്ടായിരത്തിന്‍െറ നോട്ടുകള്‍ ചില്ലറയാക്കാന്‍ പലരും പ്രയാസപ്പെട്ടു. ബാങ്കുകളിലും ചില്ലറ ക്ഷാമം രൂക്ഷമായതോടെ 2000ന്‍െറ നോട്ടുകള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. നൂറിന്‍െറയും 50ന്‍െറയും പുതിയ സിരീസ് നോട്ടുകള്‍ ഇനിയും കറന്‍സി ചെസ്റ്റുകളില്‍ എത്തിയിട്ടില്ല. ബസുകളിലും കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും ചില്ലറ ക്ഷാമം അതിരൂക്ഷമാണ്. മൂന്നുദിവസമായി കൈയില്‍ കരുതിയ 100ന്‍െറയും 50ന്‍െറയും നോട്ടുകള്‍ തീര്‍ന്നതാണ് ജനങ്ങളെയും കച്ചവടക്കാരെയും കുടുക്കിയത്. സ്വകാര്യ ബാങ്കുകളില്‍ കൂടി പണം കൈമാറ്റത്തിന് സാഹചര്യം വന്നതോടെ വ്യാഴാഴ്ചയെ അപേക്ഷിച്ച് തിരക്കിന് നേരിയ കുറവുണ്ടായിരുന്നു ഇന്നലെ. എന്നാല്‍, പലയിടത്തും ഉച്ചയോടെ പണം തീര്‍ന്നു. മലപ്പുറം എച്ച്.ഡി.എഫ്.സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്കുകളില്‍ പഴയ കറന്‍സി മാറ്റി നല്‍കല്‍ ഉച്ചക്ക് നിര്‍ത്തി. പുതിയ കറന്‍സി തീര്‍ന്നതാണ് കാരണം. ആക്സിസ് ബാങ്കില്‍ വൈകീട്ട് 3.30ന് ആണ് വിതരണം തുടങ്ങിയതുതന്നെ. സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളും അടഞ്ഞുകിടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.