കാടുമൂടി സിവില്‍ സ്റ്റേഷന്‍; സുരക്ഷക്ക് നടപടികളില്ല

മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ കടുത്ത സുരക്ഷ ഭീഷണി ഉയര്‍ത്തി കാടുമൂടിയ കെട്ടിടങ്ങള്‍. പല ഓഫിസുകളുടെയും പിന്‍ഭാഗത്ത് വലിയ ഉയരത്തില്‍ കാടാണ്. പിടിച്ചിട്ട വാഹനങ്ങള്‍ ഇതിന് പുറമെയാണ്. കുടുംബകോടതി, ജില്ല ട്രഷറി ഓഫിസ്, ദൂരദര്‍ശന്‍ കേന്ദ്രം എന്നിവയുടെ പിന്‍ഭാഗത്തും കാടും പൊന്തയും നിറഞ്ഞിട്ടുണ്ട്. സ്ഫോടനം നടന്ന ബ്ളോക്കിലേക്ക് ഇറങ്ങുന്ന ഭാഗത്തും കെട്ടിടത്തിന്‍െറ പിന്‍വശത്തും ഇതുതന്നെയാണ് അവസ്ഥ. പല കെട്ടിടങ്ങളുടെയും പിറകുഭാഗം മാലിന്യക്കൂമ്പാരമാണ്. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും സിവില്‍സ്റ്റേഷനിലുണ്ട്. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനില്‍ സുരക്ഷ കര്‍ശനമാക്കാന്‍ തിരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ ഒന്നും പ്രാവര്‍ത്തികമായിട്ടില്ല. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് ഓഫിസുകളില്‍ എത്തിത്തുടങ്ങി എന്നതു മാത്രമാണ് അപവാദം. അതേസമയം, സിവില്‍ സ്റ്റേഷനില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത് ഇനിയും വൈകാനാണ് സാധ്യത. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാന്‍ വൈകിയാല്‍ കാമറ സ്ഥാപിക്കലും വൈകും. കാമറ സ്ഥാപിക്കുന്ന വിഷയത്തില്‍ സര്‍ക്കാറിന് കലക്ടര്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് എ.ഡി.എം. പി. സയ്യിദ് അലി പറഞ്ഞു. ഇതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ വകയിരുത്തേണ്ടതുണ്ട്. ജീവനക്കാരുടെ വാഹനങ്ങളില്‍ ഒട്ടിക്കാനുള്ള സ്റ്റിക്കര്‍ തയാറായി. തിങ്കളാഴ്ച ഇത് വിതരണം ചെയ്യും. പാര്‍ക്കിങ് നിയന്ത്രണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ക്കിങ് അനുവദനീയമായ സ്ഥലങ്ങളും വിലക്കിയ സ്ഥലങ്ങളും മാര്‍ക്ക് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.