ബസുകളുടെ കാരുണ്യയോട്ടത്തില്‍ ലഭിച്ചത് മൂന്നുലക്ഷം

തിരൂര്‍: കരള്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്ന രണ്ട് കുട്ടികളെ സഹായിക്കാന്‍ സ്വകാര്യ ബസുകള്‍ സംഘടിപ്പിച്ച കാരുണ്യയോട്ടത്തില്‍ ലഭിച്ചത് മൂന്നു ലക്ഷത്തോളം രൂപ. കെ.എം.എച്ച്, ബര്‍സാത്, ചെങ്ങണക്കാട്ടില്‍ എന്നീ ബസുകളാണ് ചികിത്സാധനം കണ്ടത്തൊന്‍ കാരുണ്യയോട്ടം നടത്തിയത്. യാത്രക്കാരില്‍നിന്ന് ലഭിച്ച സഹായം മാത്രമാണ് മൂന്നുലക്ഷം രൂപയെന്ന് ബര്‍സാത് ബസുടമ സക്കീര്‍ അറിയിച്ചു. 100 രൂപ മുതല്‍ 1000രൂപ വരെ സംഭാവന നല്‍കിയ യാത്രക്കാരുണ്ടെന്നും ജീവനക്കാരുടെ അകമഴിഞ്ഞ പരിശ്രമമാണ് വലിയ തുക സ്വരൂപിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വളാഞ്ചേരിയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ച് തുക തുല്യമായി വീതിച്ച് ഇരുകുടുംബങ്ങള്‍ക്കും കൈമാറാനാണ് തീരുമാനം. സാധാരണ ദിവസങ്ങളില്‍ ജീവനക്കാരുടെ വേതനവും ഇന്ധനവും മറ്റ് ചെലവുകളും എല്ലാം കഴിഞ്ഞാല്‍ മിക്ക ബസുകള്‍ക്കും 2000 മുതലാണ് നീക്കിയിരിപ്പുണ്ടാകുക. 10 ബസുകള്‍ക്കും കൂടി ആകെ നീക്കിയിരിപ്പുണ്ടാകുക പരമാവധി 25,000 രൂപ വരെയാണ്. കാരുണ്യയോട്ടം നടത്തിയ ബുധനാഴ്ച ബസുകളില്‍ ലഭിച്ച മുഴുവന്‍ വരുമാനവും കുട്ടികളുടെ ചികിത്സാ നിധിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. വേതനം പറ്റാതെയാണ് മുഴുവന്‍ ജീവനക്കാരും ജോലിചെയ്തത്. ഇന്ധന ചെലവ് പൂര്‍ണമായും ഉടമകള്‍ വഹിച്ചു. മറ്റ് ചെലവുകള്‍ക്കും തുക ചെലവഴിച്ചില്ല. യാത്രക്കാരുടെ കൈയയഞ്ഞ സഹായം കൂടിയായതോടെ ധനസമാഹരണം എളുപ്പമായി. ഈ ബസുകള്‍ കഴിഞ്ഞവര്‍ഷം വൈലത്തൂരിലെ നാലര വയസ്സുകാരന്‍െറ ചികിത്സക്ക് സഹായം സ്വരൂപിക്കാനും കാരുണ്യയോട്ടം സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.