എസ്.ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ഒന്നാംപ്രതി അറസ്റ്റില്‍

നെയ്യാറ്റിന്‍കര: കുപ്രസിദ്ധ ഗുണ്ടയും നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസ് ആക്രമണക്കേസ് രണ്ടാംപ്രതിയുമായ അതിയന്നൂര്‍ ആറാലുംമൂട് വേണുവിലാസത്തില്‍ ശാന്തിഭൂഷനെ (26) പൊലീസ് പിടികൂടി. കഴിഞ്ഞ 24ന് മലപ്പുറം തേഞ്ഞിപ്പലം എസ്.ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 25ലധികം കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നത രാഷ്ട്രീയ ബന്ധത്തിലാണ് പല കേസില്‍നിന്ന് ഇയാള്‍ തടിയൂരിയിരുന്നതത്രെ. കഴിഞ്ഞ 24ന് മലപ്പുറം സ്വദേശിയായ പ്രവാസിയെ വകവരുത്താന്‍ തിരുവനന്തപുരം സ്വദേശിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് മലപ്പുറം തേഞ്ഞിപ്പലത്ത് എത്തിയത്. തുടര്‍ന്ന് വാഹനപരിശോധനക്കിടെ പൊലീസ് പിടിയിലാകുന്ന സാഹചര്യത്തില്‍ എസ്.ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും പിന്നീട് വാഹനമുപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവത്തില്‍ പ്രതിക്കൊപ്പമുണ്ടായിരുന്ന ഉണ്ണി, പ്രദീപ്, സജു എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. 2015ല്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ അക്വാ പ്രോഡക്ട്സില്‍ അതിക്രമിച്ച് കയറി ജീവനക്കാരായ മൂന്നുപേരെ ആക്രമിച്ച് പണം തട്ടിയ കേസിലും പ്രതിയാണ്. കഴിഞ്ഞദിവസം അപകടത്തില്‍പെട്ട പിതാവിന്‍െറ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കരയില്‍ എത്തുമ്പോഴാണ് പൊലീസ് വലയിലായത്. നെയ്യാറ്റിന്‍കര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.