സ്മാര്‍ട്ട് സിറ്റി പദ്ധതി : കണ്‍സള്‍ട്ടന്‍സി തെരഞ്ഞടുപ്പിലെ കൃത്രിമം; വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നതിന്‍െറ പശ്ചാത്തലത്തില്‍ ചുരുക്കപ്പട്ടികയിലെ 48 ഏജന്‍സികളില്‍നിന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ക്കുവേണ്ടി രൂപരേഖ തയാറാക്കാന്‍ 11 ഏജന്‍സികളെ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും പരാതിക്കിടയാക്കിയേക്കുമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് മുഴുവന്‍ ഏജന്‍സികളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇ-മെയില്‍ വഴി ഇക്കാര്യം ഏജന്‍സികളെ അറിയിക്കും. ശനിയാഴ്ച സ്മാര്‍ട്ട് സിറ്റി വെബ്സൈറ്റിലും പരസ്യപ്പെടുത്തും. അതേസയം, രൂപരേഖ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബറില്‍നിന്ന് 2017 മാര്‍ച്ച് 25 ലേക്ക് നീട്ടി. കേന്ദ്രം നിര്‍ദേശിച്ച 11ഏജന്‍സികള്‍ക്ക് പുറമേ സ്റ്റേറ്റ് മിഷന്‍ മാനേജ്മെന്‍റ് യൂനിറ്റ് സ്വന്തം താല്‍പര്യപ്രകാരം നിര്‍ദേശിച്ച നാല് ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാമത് പട്ടികയില്‍ ഇടം പിടിച്ച ഒരു ഏജന്‍സി പ്രവര്‍ത്തന മികവിന് മറ്റുള്ളവയെക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് സംശയത്തിനിടയാക്കി. ചീഫ്സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ഈ പോരായ്മ കണ്ടത്തെിയതിനെ തുടര്‍ന്നാണ് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുന്നത്. നവംബര്‍ 19 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. 21ന് സൂക്ഷ്മ പരിശോധന നടത്തും. 23ന് ചീഫ്സെക്രട്ടറി തല സമിതി യോഗം ചേര്‍ന്ന് കണ്‍സള്‍ട്ടന്‍റിനെ തെരഞ്ഞെടുക്കും. രൂപരേഖ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 25 ലേക്ക് നീട്ടിയ സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോര്‍പറേഷന്‍ തല സാങ്കേതികസമിതി യോഗം ചേര്‍ന്നു. പിന്നീട് ചീഫ്സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് 48 ഏജന്‍സികള്‍ക്കും ടെന്‍ഡര്‍ സംബന്ധിച്ച അറിയിപ്പ് നല്‍കാന്‍ അന്തിമമായി തീരുമാനിച്ചത്. ആദ്യഅറിയിപ്പില്‍ ഡിംസംബര്‍ അഞ്ചിനു മുമ്പ് രൂപരേഖ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.