തിരൂര്‍ ഉപജില്ല കായികമേള: നഗരസഭ സ്റ്റേഡിയം വിട്ടുനല്‍കിയില്ല

തിരൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ താഴെപ്പാലം രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം നഗരസഭ ഏറ്റെടുത്തിട്ടും വിട്ടുനല്‍കാത്തതിനാല്‍ തിരൂര്‍ ഉപജില്ല കായികമേള കോഴിച്ചെനയിലേക്ക്. 16, 17 തീയതികളിലായി താനൂര്‍ ഉപജില്ലയിലെ കോഴിച്ചെന എം.എസ്.പി ഗ്രൗണ്ടിലാണ് മേള നടക്കുക. എല്‍.പി, കിഡീസ് മത്സരങ്ങള്‍ 12ന് പറവണ്ണ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കും. കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയം വിട്ടുനല്‍കാനാകില്ളെന്ന് നഗരസഭാധികൃതര്‍ കായികധ്യാപകരെ അന്തിമ തീരുമാനം അറിയിച്ചത്. ഉപജില്ല മേളക്ക് വേദി തേടി രണ്ട് മാസത്തിലധികമായി നഗരസഭയുമായി ബന്ധപ്പെട്ട് വരികയായിരുന്നു അധ്യാപകര്‍. നഗരസഭ സ്റ്റേഡിയം ഏറ്റെടുത്തതോടെ മേള തിരൂരില്‍തന്നെ നടത്താനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പല രീതിയില്‍ തീരുമാനങ്ങള്‍ വൈകിച്ച നഗരസഭ ഒടുവില്‍ മേളയെ കൈയൊഴിയുകയായിരുന്നു. സ്റ്റേഡിയത്തിനെതിരെയുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ളെന്നും അതിനാല്‍ വിട്ടുനല്‍കാനാകില്ളെന്നുമാണ് നഗരസഭയുടെ വാദം. നേരത്തേ സ്റ്റേഡിയം വിവാദത്തെ തുടര്‍ന്ന് ജില്ല കായികമേളയും ഗെയിംസിനോടനുബന്ധിച്ചുള്ള ഫുട്ബാള്‍ മത്സരങ്ങളും തിരൂരില്‍നിന്ന് മാറ്റിയിരുന്നു. ആദ്യമായാണ് തിരൂര്‍ ഉപജില്ല കായിമേള തിരൂരിന് പുറത്ത് നടത്തേണ്ടി വരുന്നതെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. സിന്തറ്റിക് ട്രാക്കുള്‍പ്പെടെയുള്ള സ്റ്റേഡിയമുണ്ടായിട്ടും മേളക്ക് അന്യ ഉപജില്ലയില്‍ വേദി ഒരുക്കേണ്ടി വന്നിരിക്കുകയാണ്. നേരത്തേ താനൂര്‍ ഉപജില്ല കായികമേളക്കുള്‍പ്പെടെ വേദിയായിരുന്ന സ്റ്റേഡിയം നഗരത്തിലുണ്ടായിരിക്കെ മേള കോഴിച്ചെനയിലേക്ക് മാറ്റേണ്ടി വരുന്നത് സംഘാടകര്‍ക്കും സ്കൂളുകള്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കും. കോഴിച്ചെനയില്‍ ഗ്രൗണ്ടിന് ഒരു ദിവസത്തെ വാടക 3000 രൂപയാണ്. രണ്ട് ദിവസത്തേക്ക് അധികമായി 6000 രൂപ സംഘാടകര്‍ കണ്ടത്തെണം. കായിമേള നടത്തിപ്പ് പലപ്പോഴും കായികാധ്യാപകര്‍ക്ക് ബാധ്യതയാണ് സൃഷ്ടിക്കാറുള്ളത്. മൂന്നു ദിവസവും മേള കോഴിച്ചെനയില്‍ നടത്തുമ്പോഴുണ്ടാകുന്ന അധിക ചെലവ് കുറക്കുന്നതിനാണ് ഉപജില്ല മേളക്കൊപ്പം നടക്കാറുള്ള എല്‍.പി, കിഡീസ് മത്സരങ്ങള്‍ പറവണ്ണ ഹൈസ്കൂള്‍ ഗ്രൗണ്ടിലാക്കാന്‍ തീരുമാനിച്ചത്. ഉപജില്ലയിലെ എല്ലാ മേഖലയില്‍നിന്നും എളുപ്പത്തില്‍ എത്തിപ്പെടാവുന്ന മേഖല തിരൂരാണ്. ഇനിയിപ്പോള്‍ വിദ്യാര്‍ഥികളെയും കൊണ്ട് സ്കൂളുകള്‍ ഏറെ ദൂരം അധികം സഞ്ചരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.